കേരളത്തിലെ എല്ലാ ആയുര്‍വേദ നേത്ര സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലെയും സേവനങ്ങള്‍ക്ക് മിനിമം സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കുന്നതിനുള്ള സംസ്ഥാനതല ശില്പശാല നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സലജകുമാരി പി ആര്‍ ശില്പശാല
ഉദ്ഘാടനം ചെയ്തു. ഓരോ ആശുപത്രികളിലെയും അവസ്ഥകള്‍ അനുസരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിലൂടെ എല്ലാ ജില്ലകളിലും മികച്ച ആയുര്‍വേദ നേത്ര ചികിത്സ ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു.
നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ശില്പശാലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പിലെയും നാഷണല്‍ ആയുഷ് മിഷന്റെയും കേരളത്തിലെ എല്ലാ നേത്രചികിത്സകരും പരിപാടിയില്‍ പങ്കെടുത്തു. നേത്ര ചികിത്സാ രംഗത്ത് രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ആധുനിക ഉപകരണങ്ങളു സേവനങ്ങളും പരിചയപ്പെടുത്തി. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം ജി ശ്യാമള, ഡോ.നേത്രദാസ് പി കെ, ഡോ.സുമിത പ്രകാശ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.