തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി “ജനകീയം 2022” ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ആറ് യൂണിറ്റുകളിൽ 120 ഓളം ടീമുകൾ പങ്കെടുത്ത പ്രാഥമിക മത്സരത്തിൽ നിന്ന് 18 ടീമുകളെയാണ് ജില്ലാ തല മത്സരത്തിലേയ്ക്ക് തെരഞ്ഞെടുത്തത്.

പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട്, സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് വിദ്യാർത്ഥികളായ യു വൈദേഹി , ആൻ മേരി ജോസ് എന്നിവർ ഒന്നാം സ്ഥാനങ്ങൾ (5000 രൂപയും മൊമെന്റോയും) നേടി. വരന്തരപിള്ളി ഗ്രാമപഞ്ചായത്തിലെ സിജെഎംഎച്ച്എസ്എസ് വിദ്യാലയത്തിലെ ദേവി ശർമ, കെ എസ് ഇന്ദു കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും (3000 രൂപയും മൊമെന്റോയും ) മതിലകം ഗ്രാമ പഞ്ചായത്ത് സെൻ്റ് ജോസഫ് എച്ച് എസ് എസ് വിദ്യാലയത്തിലെ ഗോപിക കൃഷ്ണ, എം എസ് രഞ്ജിമ എന്നിവർ മൂന്നാം സ്ഥാനവും (1000 രൂപയും മൊമെന്റോയും) കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ ടീമുകൾ പാലക്കാട് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.

വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർ ഇൻ ചാർജ് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ പി എൻ വിനോദ് കുമാർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ചേംബറിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ ജില്ലാ കലക്ടർ ഹരിത വി കുമാർ അനുമോദിച്ചു.