വെണ്ണൂര്‍തുറ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ആസൂത്രണഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജ് തയ്യാറാക്കിയ ഡിപിആര്‍ നബാര്‍ഡ് ധനസഹായത്തിന് വേണ്ടി സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചെന്ന് അധ്യക്ഷന്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി ചാലക്കുടി, കൊടുങ്ങല്ലൂര്‍ എംഎല്‍എമാരോട് എംഎല്‍എ ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ തുക അനുവദിക്കുന്ന മുറയ്ക്ക് ഇതുകൂടി കൂട്ടിചേര്‍ത്ത് തുടര്‍ പ്രവര്‍ത്തികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനായി പ്ലാനിംഗ് ബോര്‍ഡ് ധനസഹായമായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാട്ടര്‍ ബോഡി റീസ്റ്റോറേഷന്‍ പ്രവര്‍ത്തികളുമായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട മെയിന്‍ സര്‍വ്വേ ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പങ്കെടുത്തുകൊണ്ട് 25ആം തിയ്യതി അടുത്ത യോഗം ചേരാനും തീരുമാനമായി.

ചാലക്കുടി, മാള ബ്ലോക്ക് പഞ്ചായത്തുകളിലെ അന്നമനട, കുഴൂര്‍, മാള, കാടുകുറ്റി എന്നീ പഞ്ചായത്തുകളിലായി കൊണ്ടഴിഞ്ഞാല്‍ മുതല്‍ കരിക്കാട്ട്ചാല്‍ വരെ വ്യാപിച്ചു കിടക്കുന്ന വെണ്ണൂര്‍തുറ ജലാശയത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ജില്ലാ പദ്ധതിയാണ് വെണ്ണൂര്‍തറ നീര്‍ത്തട സംയോജന പദ്ധതി. 2390 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് 41.54 കോടി രൂപയാണ്.

ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുമ എ എം, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.