എം.എസ.്പി സ്‌കൂളിലെ അപ്രതീക്ഷിത ‘തീപിടിത്തം’ കുട്ടികളെ ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നത്. ഭീതിയിലായ വിദ്യാര്‍ഥികളും അധ്യാപകരും പകച്ച് നിന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ഓടികൂടി. മിനിറ്റുകള്‍ക്കകം ചീറിപാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തകയും തീ അണക്കുകയും ചെയ്തു. തീ പിടിത്തമുണ്ടായ അര മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ‘തീപിടിത്തം’ മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്ന് പോയവര്‍ക്ക് ആശ്വാസമായി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്നും രക്ഷാപ്രവര്‍ത്തനം എങ്ങനെയാകണമെന്നും അവബോധം നല്‍കുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവര്‍ത്തന രീതികള്‍ മനസിലാക്കാന്‍ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രില്‍ നടത്തിയത്.

ദുരന്ത സ്ഥലത്തെടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും പ്രാഥമിക ചികിത്സ സംബന്ധിച്ചുമെല്ലാം അറിവ് പകരുന്ന രീതിയിലാണ് മോക്ഡ്രില്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയില്‍ വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി സൗക്ട്ട്‌സ് വിദ്യാര്‍ഥികള്‍ക്ക് ദുരന്തനിവാരണ പരിശീലനവും നല്‍കി. പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷനായി.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.പി മുരളി, ജില്ലാ ഫയര്‍ ഓഫീസര്‍ എസ്.എല്‍ ദിലീപ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ എം.അബ്ദുല്‍ ഗഫൂര്‍, സി.ബാബുരാജന്‍, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. സഹീര്‍ നെല്ലിപറമ്പന്‍, എംഎസ്പി റിസര്‍വ് ഇന്‍സ്പെക്ടര്‍ വിസി ഉണ്ണികൃഷ്ണന്‍, ദുരന്തനിവാരണം ജൂനിയര്‍ സൂപ്രണ്ട് അബ്ദുല്‍ നാസര്‍, സ്‌കൂള്‍ പ്രധാനധ്യപിക എം.മുനീറ എന്നിവര്‍ സംസാരിച്ചു.