മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവയ്പുമായി എടവണ്ണ പഞ്ചായത്ത്. പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം ജില്ലയില്‍ 14 പഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളില്‍ ക്യുആര്‍ കോഡ് സേനാംഗങ്ങള്‍ പതിച്ചു തുടങ്ങി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മുഴുവന്‍ വീടുകളിലും ക്യുആര്‍ കോഡ് പതിച്ചു. ബാക്കിയുള്ള വാര്‍ഡുകളില്‍ വരുംദിവസങ്ങളില്‍ സേനാംഗങ്ങള്‍ എത്തും. ഇതുമായി ബന്ധപ്പെട്ട് ഇന്ന്(ഒക്‌ടോബര്‍ 19) കുടുംബശ്രീയുടെ യോഗം പഞ്ചായത്തില്‍ നടക്കും. എടവണ്ണ സീതിഹാജി സ്‌കൂളിലെ എന്‍.എസ്.എസ് വളന്റിയര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ വീടുകളില്‍ എത്തുന്നത്. ആപ്ലിക്കേഷന്റെ ഭാഗമാകുന്ന വീട്ടുകാര്‍ക്ക് പരാതികള്‍ അറിയിക്കാനും ഹരിത കര്‍മസേന പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള കസ്റ്റമര്‍ ആപ്പും നല്‍കും. കെല്‍ട്രോണിന്റെ സഹായത്താല്‍ വികസിപ്പിച്ചെടുത്ത ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പൊതുവിവര ശേഖരണവും മാലിന്യ സംസ്‌കരണം, കൃഷി തുടങ്ങിയ മേഖലകളിലെയും വിശദാംശങ്ങള്‍ ശേഖരിക്കും.
ചാത്തല്ലൂര്‍ ഒന്നാം വാര്‍ഡില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് ടി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ടി അന്‍വര്‍, പഞ്ചായത്ത് സെക്രട്ടറി ജെ.ജ്യോതി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ജാഫര്‍ തുടങ്ങിയവരും പങ്കെടുത്തു.
