പുളിക്കകടവ് തൂക്കുപാലത്തിന്റെ തകർച്ചാ ഭീഷണിയെ തുടർന്ന് അടിയന്തര യോഗം നഗരസഭയിൽ വിളിച്ചു ചേർത്തു. പൊന്നാനി നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി, തഹസിൽദാർ പ്രതിനിധി എന്നിവരുടെ അടിയന്തര യോഗമാണ് ചേർന്നത്. തൂക്കുപാലം നഗരസഭയ്ക്ക് വിട്ട് കിട്ടാത്തതിനാൽ പരിപാലന പ്രവൃത്തികൾ നഗരസഭയ്ക്ക് നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ചെയർമാൻ ഡി.ടി.പി.സി പ്രതിനിധിയെ അറിയിച്ചു. നിലവിൽ പാലം ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുമാണ്. പാലത്തിന്റെ അപകടാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നതിന് എം.എൽഎ യോട് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. പൊന്നാനി നഗരസഭ, മാറഞ്ചേരി പഞ്ചായത്ത്, ഡി.ടി.പി.സി, തൂക്കുപാലം നിർമിച്ച സ്ഥാപനം തുടങ്ങിയവയുടെ പ്രതിനിധികളുടെ യോഗമാണ് മന്ത്രി തലത്തിൽ വിളിച്ചുചേർക്കുക. നിലവിലെ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും അല്ലാത്ത പക്ഷം മറ്റ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും ജില്ലാ ദുരന്ത നിവാരണ സമിതിയോട് ശുപാർശ ചെയ്യുന്നതിനും യോഗത്തിൽ തീരുമാനമായി.

പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.മുഹമ്മദ് ബഷീർ, ഷീനാ സുരേശൻ, മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രൻ, പൊന്നാനി ഡെപ്യൂട്ടി തഹസിൽദാർ പി.കെ സുരേഷ്, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ എന്നിവർ പങ്കെടുത്തു.