കേരള സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന 2022-23 സംരംഭക വര്‍ഷം, ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന വകുപ്പ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കോമളം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ നാരായണന്‍കുട്ടി അധ്യക്ഷനായി.
ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്‌ട്രേഷന്‍, നിയമങ്ങളും നടപടികളും എന്ന വിഷയത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ പ്രദീപ് കുമാര്‍ ക്ലാസെടുത്തു. തുടര്‍ന്ന് സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.വി രാഹുല്‍ വിജയ് വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും സംബന്ധിച്ചും സംരംഭകര്‍ക്കായുള്ള വിവിധ ബാങ്ക് ലോണുകള്‍, അക്ഷയ കേന്ദ്രം മുഖേന ലൈസന്‍സ് എടുക്കല്‍ എന്നിവ സംബന്ധിച്ചും വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം യു. പ്രഭാകരന്‍, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ എസ്. പ്രിയ, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മരുതറോഡ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, 55 ഓളം സംരംഭകര്‍ പങ്കെടുത്തു.