സര്‍വേയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് ഓണ്‍ലൈന്‍ പരിശീലനം നടക്കുന്നത്. തിരുവനന്തപുരം പാപ്പനംകോട് ശ്രീ. ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ഡിജിറ്റല്‍ റീസര്‍വേ മാസ്റ്റര്‍ ട്രെയിനിംഗിലാണ് ജില്ലയിലെ സര്‍വേയര്‍മാര്‍ ഒണ്‍ലൈനായി പങ്കെടുക്കുന്നത്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന പരിശീലന പരിപാടി നാലു ഘട്ടങ്ങളായാണ് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കേരളത്തിലെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഡിജിറ്റല്‍ റീ സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 1 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. ജില്ലയില്‍ മാനന്തവാടി വില്ലേജിലായിരിക്കും ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ ആദ്യം ആരംഭിക്കുക. റീ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മംഗളന്‍ ജില്ലയിലെ റീ സര്‍വേക്ക് മുന്നോടിയായുള്ള പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.