ക്വട്ടേഷന്‍ ക്ഷണിച്ചു

മലാപ്പറമ്പില്‍ ഗവ.വനിതാ പോളിടെക്‌നിക് കോളേജിലെ പ്രധാന കെട്ടിടത്തിന്റെ പഴയ കഴുക്കോല്‍, പട്ടിക എന്നിവ ഒക്‌ടോബര്‍ 27ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്ത് വില്‍പന നടത്തുന്നു. 27,153/-രൂപയാണ് സാധനങ്ങളുടെ അടിസ്ഥാന വില. ക്വട്ടേഷനുകള്‍  ഒക്‌ടോബര്‍  27 ന് രാവിലെ 10.30 വരെ ഓഫീസില്‍ സമര്‍പ്പിക്കാം. നിരത ദ്രവ്യം 500 രൂപ പ്രിന്‍സിപ്പല്‍, ഗവ. വനിതാ പോളിടെക്‌നിക് കോളേജ്, കോഴിക്കോട് എന്ന പേരില്‍ എടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ആയി ക്വട്ടേഷനില്‍ ഉള്‍ക്കൊള്ളിക്കണം. ലേല സമയത്തിന് അര മണിക്കൂര്‍ മുമ്പ് നിരത ദ്രവ്യമായി 500 രൂപ ഓഫീസില്‍ കെട്ടി വെക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495- 2370714.

മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിയമനം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച് ഡി എസ്സിനു കീഴില്‍ റേഡിയോഗ്രാഫര്‍, ട്രെയിനി എന്ന തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായം 18 നും 35 നും ഇടയില്‍. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍  27 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2350591.

തീര ജനസമ്പര്‍ക്ക സഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍

കോഴിക്കോട് ജില്ലാഭരണകൂടം നടപ്പിലാക്കുന്ന തീര ജനസമ്പര്‍ക്കസഭകള്‍ (പരാതി പരിഹാര അദാലത്ത്) നവംബറില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും തീരപ്രദേശത്ത് ലഭിക്കേണ്ടുന്ന സേവനങ്ങളുടെ പുരോഗതി വിലയിരുത്തി പരിഹാര നിര്‍ദ്ദേശത്തിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. അപേക്ഷകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര, മത്സ്യഭവനുകള്‍, വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ 2022 ഒക്ടോബര്‍ 25 മുതല്‍ 31 വരെ സ്വീകരിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി മറുപടി ലഭ്യമാക്കാന്‍ നവംബര്‍ അഞ്ച് വരെ സമയം നല്‍കും. നവംബര്‍ രണ്ടാം വാരം ആദ്യ അദാലത്ത് വടകരയില്‍ നടക്കും. തുടര്‍ന്ന് കൊയിലാണ്ടി, വെസ്റ്റ്ഹില്‍, ബേപ്പൂര്‍ എന്നിവിടങ്ങളിലും തീര ജനസമ്പര്‍ക്ക സഭകള്‍ സംഘടിപ്പിക്കും.

പിന്നോക്ക സമുദായ ക്ഷേമം: നിയമസഭ സമിതി യോഗം

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച് ഒക്ടോബര്‍ 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം  സംബന്ധിച്ചും അവര്‍ നേരിടുന്ന വിദ്യാഭ്യാസ സാമൂഹ്യപരമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചും നിവേദനങ്ങള്‍ സ്വീകരിക്കും. തുടര്‍ന്ന് പിന്നോക്ക വിഭാഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം റവന്യൂ എന്നീ വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

പൊതു തെളിവെടുപ്പ് 22 ന്

കൂടരഞ്ഞി വില്ലേജില്‍, കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ 2159, 2160, 2162 എന്നീ സര്‍വ്വെ നമ്പറില്‍ 5.2794 ഹെക്ടര്‍ സ്ഥലത്ത് ജോണ്‍സണ്‍ ജോര്‍ജ്ജ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഒക്‌ടോബര്‍ 22 ന് രാവിലെ 11.00 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മേഖല ആഫീസിന്റെ ആഭിമുഖ്യത്തില്‍  തൊഴിലാളികള്‍ക്കുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവു ഉണ്ണി അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസിലെ വിമുക്തി കൗണ്‍സിലര്‍ ജിജി രാമചന്ദ്രന്‍ ബോധവല്‍കരണ ക്ലാസെടുത്തു. പി.കെ ഷിജു സ്വാഗതവും ആഭരണ തൊഴിലാളി  തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ എസ് അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

സീറ്റ് ഒഴിവ്

തലശ്ശേരി ഗവ കോളേജില്‍ ബി കോം കോഴ്‌സില്‍ എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്‌ടോബര്‍ 22 ന് വൈകുന്നേരം  അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2966800.