വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് അനുമതിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അറിയിച്ചു. കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തുന്നതോടെ വില്ല്യാപ്പള്ളിയില്‍ നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. തെങ്ങിന്‍തൈ വിതരണം, തെങ്ങിന് തടം തുറക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ രാസവളം, ജൈവവളം എന്നിവ നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകള്‍ നടല്‍, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഈ വര്‍ഷം 25.67 ലക്ഷം രൂപയും അടുത്തവര്‍ഷം 20 ലക്ഷം രൂപയും മൂന്നാം വര്‍ഷം ആറ് ലക്ഷം രൂപയുമാണ് പദ്ധതിക്കായി അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോ വര്‍ഷവും കേരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിലെ കേര കര്‍ഷകര്‍ക്ക് കൃഷിക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കും. പഞ്ചായത്തില്‍ രൂപീകരിക്കുന്ന കേരസമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.