ജില്ലയിലെ ഡിജിറ്റല്‍ ഭൂസര്‍വേയുടെ ആദ്യഘട്ടം നവംബര്‍ ഒന്നിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 16 വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ മുന്നോടിയായി ജില്ലാ കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു.

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വില്ലേജ് തലത്തില്‍ ക്യാമ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കെട്ടിട സൗകര്യങ്ങളും മറ്റ് ഭൗതിക സാഹചര്യങ്ങളും സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

റവന്യൂ, സര്‍വ്വേ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സമ്പൂര്‍ണ്ണ വിജയം പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ സാധിക്കുകയുള്ളുവെന്നും മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ പഞ്ചായത്ത് പ്രതിനിധികള്‍ ഇടപെടണമെന്നും കലക്ടര്‍ പറഞ്ഞു.

യോഗത്തില്‍ വടകര താലൂക്ക് തഹസില്‍ദാര്‍ പ്രസില്‍, കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍ പ്രേംലാല്‍, കൊയിലാണ്ടി താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഹരീഷ്, താമരശ്ശേരി താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ബല്‍രാജ്, ഉത്തരമേഖല ജോയിന്റ് സര്‍വ്വേ ഡയറക്ടര്‍ ഡി മോഹന്‍ദേവ്, സര്‍വ്വേ റെയിഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ കെ രാജന്‍, സര്‍വ്വേ സൂപ്രണ്ടുമാരായ രാധാകൃഷ്ണപിള്ള, ഗീതാമണിയമ്മ, എന്നിവര്‍ പങ്കെടുത്തു.