കുമളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പളിയക്കുടിയിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഗ്രന്ഥ ശാല നിർമ്മിക്കുകയും പുസ്തകങ്ങൾ സജ്ജമാക്കുകയും ചെയ്തതിൽ പഞ്ചായത്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മനുഷ്യൻ വായിച്ചു വളരണമെന്നും നാം എന്താണെന്നുള്ള തിരിച്ചറിവ് വായനയിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഗ്രന്ഥശാലയും ആ പ്രദേശത്തെ പ്രകാശവും പ്രതീക്ഷയുമാണ്. വായനയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണ് നമ്മുടേത്. ഗ്രന്ഥശാല പ്രസ്ഥാനവും വായനശാലകളും നമ്മുടെ സമൂഹത്തിലെ വിളക്കുകൾ ആണ്.
ഇന്റർനെറ്റ് കാലത്ത് വായനയ്ക്കും ആധുനിക കാല സ്വഭാവം കൈവന്നു. ഇന്ന് മാഗസിനുകളും മറ്റും പി ഡി എഫ് ഫോർമാറ്റുകളിലും ലഭ്യമാണ്. ഇ – വായന ആയാലും വായിക്കുക എന്നത് ശീലമാക്കണം -പ്രത്യേകിച്ച് കുട്ടികൾ.
10 കോടി രൂപയുടെ പുസ്തകങ്ങൾ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ എത്തിച്ചത്. വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ സ്കൂളുകൾ മുൻകൈയെടുത്ത് പ്രത്യേക ക്യാമ്പയിനുകൾ നടത്തേണ്ടതുണ്ട് . ഈ അധ്യയന വർഷം തന്നെ ഈ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി സാധ്യമായ എല്ലാ പ്രവർത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു.
കുമളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡ് പുളിയക്കുടി അക്ഷരജ്യോതി ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ഈ വേദിയിൽ നിൽക്കുമ്പോൾ എനിക്കേറെ അഭിമാനമുണ്ട്. കേരളത്തിന്റെ വായനാ സംസ്കാരത്തിന്റെ പരിച്ഛേദമാണ് ഇവിടവും. ഏവരുടെയും അനുവാദത്തോടെ ഉത്ഘാടനം നിർവഹിച്ചതായി മന്ത്രി അറിയിച്ചു.
വാഴൂർ സോമൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ (പഞ്ചായത്ത് പ്രസിഡന്റ് ) ശാന്തി ഷാജിമോന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് വായനശാല കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. കൂടാതെ 2 ലക്ഷം രൂപ അധികം അനുവദിച്ച് പുസ്തകങ്ങളും ഫർണിച്ചറുകളും ഒരുക്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാകുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ജെയിംസ്, ആർ. സെൽവത്തായി, പഞ്ചായത്ത് അംഗങ്ങളായ കെ. എം. സിദ്ദിഖ്, രജനി ബിജു, നോളി ജോസഫ്, വി. സി. ചെറിയാൻ, ഡെയ്സി സെബാസ്റ്റ്യൻ, രമ്യ മോഹൻ, ജിജോ രാധകൃഷ്ണൻ, വിനോദ് ഗോപി, ടി. എസ്. പ്രദീപ്, റോബിൻ കാരക്കാട്ട്, വർഗീസ് എം, ഊരുമൂപ്പൻ എ. അരുവി, വാർഡ് വികസന സമിതി ചെയർമാൻ എൻ സാബു, പഞ്ചായത്ത് സെക്രട്ടറി കെ സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.