കുമളി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിന് വാങ്ങി നൽകുന്ന സ്കൂൾ ബസിൻ്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ബഡ്‌സ് സ്കൂൾ സാധാരണ ജനങ്ങൾക്ക് നൽകുന്ന സേവനം ചെറുതല്ല. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തിവരുന്ന ഈ സംവിധാനം ഭിന്നശേഷി കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ആധുനിക കാലത്തിനനുസരിച്ച് ബഡ്‌സ് സ്കൂൾ മാറേണ്ടതുണ്ട്. ബഡ്‌സ് സ്‌കൂളുകളുടെ ആധുനിക വത്കരണം സർക്കാരിന്റെ പരിഗണനയിലാണ് സംസ്ഥാനത്തെ 250 ൽ പരം ബഡ്സ് സ്കൂളുകളുടെ സേവനം ആയിരക്കണക്കിന് കുട്ടികൾക്കാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.ബഡ്സ് സ്കൂളുകളിൽ ഇപ്പോൾ ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ ആ ഭക്ഷണക്രമം ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ട്. ഏതുതരത്തിലുള്ള ഭക്ഷണം, ഏത് അളവിൽ എന്നൊക്കെ നിർണയിക്കേണ്ടിയിരിക്കുന്നു. സമീകൃത ഭക്ഷണം ബഡ്സ് സ്കൂളുകളിൽ എങ്ങിനെ ലഭ്യമാക്കാം എന്നതിനെ കുറിച്ച് സർക്കാർ പരിശോധിക്കും.ബഡ്സ് സ്കൂൾ ടീച്ചർമാർക്ക് തുടർ പരിശീലന കോഴ്സുകൾ നടത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ബഡ്സ് സ്കൂളുകളുടെ ആധുനികവൽക്കരണം പോലെ തന്നെ പ്രധാനമാണ് തൊഴിൽ നൈപുണ്യ പരിശീലനവും. കുട്ടികളെപ്പോലെ തന്നെ ആഗ്രഹമുള്ള രക്ഷിതാക്കൾക്ക് മികച്ച തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ ആകണം. ഇതിന്റെ സാധ്യതയും സർക്കാർ പരിശോധിക്കും.

ബഡ്സ് ഫെസ്റ്റുകൾ ഇന്ന് മെച്ചപ്പെട്ട രീതിയിൽ നടക്കുന്നുണ്ട്. എന്നാൽ മറ്റു മേളകൾ ഈ മേഖലയിൽ നടത്താനുള്ള സാധ്യതയും പരിശോധിക്കുകയാണ്. പ്രവർത്തി പരിചയമേള പോലുള്ളവ കുട്ടികളുടെ കഴിവും ശേഷിയും വർധിപ്പിക്കും. ഇവ സംഘടിപ്പിക്കുന്ന കാര്യവും പരിഗണയിലാണ്.

കുട്ടികൾക്ക് വിവിധ തെറാപ്പി സെഷനുകൾ വർദ്ധിപ്പിക്കാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതിന് കൂടുതൽ മനുഷ്യവിഭവ ശേഷി വേണ്ടിവരും. എങ്ങനെ ഇക്കാര്യം പ്രാവർത്തികമാക്കാം എന്ന് ഗൗരവമായി തന്നെ ആലോചിക്കും.
ഈ കുട്ടികൾക്കൊപ്പം സർക്കാർ ഉണ്ട് എന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം മന്ത്രിനിർവഹിച്ചു.
ബാൻഡ് സെറ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ് നിർവഹിച്ചു. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

സ്കൂൾ ബസിനായി കുടുംബശ്രീ 15 ലക്ഷം രൂപയും, പഞ്ചായത്ത് 5 ലക്ഷം രൂപയും നൽകി. ബാൻഡ് സെറ്റിന് പഞ്ചായത്ത് ഒന്നര ലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്തി ഷാജിമോൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ്, ജില്ലാ പഞ്ചായത്ത്‌ അംഗം രാരിച്ചൻ നീർണാകുന്നേൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ലിസമ്മ ജെയിംസ്, ആർ സെൽവത്തായി, പഞ്ചായത്ത്‌ അംഗങ്ങളായ കെ. എം. സിദ്ദിഖ്, രജനി ബിജു, നോളി ജോസഫ്, വി. സി. ചെറിയാൻ, ഡെയ്‌സി സെബാസ്റ്റ്യൻ, രമ്യ മോഹൻ, ജിജോ രാധകൃഷ്ണൻ, വിനോദ് ഗോപി, ടി. എസ്. പ്രദീപ്, റോബിൻ കാരക്കാട്ട്, വർഗീസ് എം, വാർഡ്‌ വികസന സമിതി ചെയർമാൻ എൻ. സാബു, പഞ്ചായത്ത്‌ സെക്രട്ടറി കെ. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.