കൂട്ടുകാരനൊരു കൂടൊരുക്കാം പദ്ധതിയിലൂടെ വഞ്ചിവയൽ ഗവ. ട്രൈബൽ സ്കൂൾ പി.ടി.എ.യുടെയും അധ്യാപകരുടെയും സുമനസുകളുടെയും കാരുണ്യത്താൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഗുണഭോക്താവിന് കൈമാറി. സുമനസ്സുകളുടെ ഈ ഉദ്യമത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. മനുഷ്യത്വവും കാരുണ്യവും ഉള്ളവർക്ക് മാത്രമേ ഇതിന് കഴിയുകയുള്ളുവെന്നും സ്കൂളിന്റെ ഈ ഇടപെടൽ ഏറെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കെട്ടിട നിർമ്മാണത്തിന് എംഎൽഎ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഫണ്ട് അനുവദിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
“കൂട്ടുകാരന് ഒരു കൂടൊരുക്കാം” എന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇത് കൂട്ടുകാർക്കൊരു കൂടൊരുക്കാം എന്നതിലേക്ക് മാറ്റുന്നതിലാണ് പദ്ധതി വിജയം.ഈ സമൂഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഒരു വീട് എന്നത് മിക്ക മനുഷ്യരുടെയും ആത്യന്തികമായ ജീവിത ലക്ഷ്യം ആണ്. സമാധാനം, സ്നേഹം, സഹവാസം ഇതൊക്കെയാണ് ഒരു വീടുമായി മനുഷ്യനെ ബന്ധപ്പെടുത്തുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിക്ക് ഒന്നാം പിണറായി സർക്കാർ രൂപം നൽകിയത്. അതിന്റെ ഗുണം ഏറെയും ലഭിച്ചത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കാണ്. ഒരു ജീവിതകാലം മുഴുവൻ പണിയെടുത്താലും വീട് എന്ന ലക്ഷ്യം കൈവരിക്കാനാകാതെ പോകുന്നവർക്ക് ഒരു കൈത്താങ്ങായിരുന്നു ഇടതു സർക്കാരിന്റെ ഈ നടപടി. വഞ്ചിവയൽ ഗവ: ട്രൈബൽ ഹൈസ്‌കൂൾ നടത്തിയ ഇടപെടലുകളെ ഞാൻ അഭിമാനത്തോടെ കാണുന്നു. നിങ്ങളുടെ ഈ സംരംഭം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഏറെ അഭിമാനത്തോടെ ഞാൻ ഈ താക്കോൽ ദാന ചടങ്ങ് നിർവഹിക്കുന്നെന്നും മന്ത്രി പറഞ്ഞു,
വാഴൂർ സോമൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. പി. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഡി. അജിത്, എ. ഗുണേശ്വരൻ, അധ്യാപകർ, പി ടി എ പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന വിനുവും മക്കൾ വള്ളക്കടവ് ട്രൈബൽ ഹൈ സ്കൂൾ വിദ്യാർത്ഥികളായ ദർശൻ, ദക്ഷണ എന്നിവർക്കാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാഷാത്കരിക്കപ്പെട്ടത്. അഞ്ച് സെൻ്റ് ഭൂമിയിലുള്ള വാസയോഗ്യമല്ലാത്ത വീടിൻ്റെ പരിസരത്ത് വന്യമൃഗ ശല്യം രൂക്ഷമായിരുന്നു. കുടുംബത്തിൻെറ അത്താണിയായിരുന്ന ദർശന്റെ പിതാവ് കാളിദാസിൻ്റെ വിയോഗത്തിന് ശേഷമാണ് കുടുംബത്തിൻ്റെ അവസ്ഥ അധ്യാപകർ അറിയുന്നത്. സ്‌കൂളിലെ അധ്യാപകരും പിറ്റിഎ യും കുറച്ചു പണം സമാഹരിച്ചുവെങ്കിലും ഒരു വീട് നിർമ്മിക്കാനുള്ളത് സമാഹരിക്കാൻ ആയില്ല. മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും മാധ്യമ പ്രവർത്തകരുടെ ഇടപെടലിൽ സുമനസുകളുടെ സഹായവും കൂടി ചേർത്ത് ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് വീട് പണി പൂർത്തിയാക്കിയത്.