പൊതുവിതരണവുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും നിർദേശങ്ങളും കേൾക്കുന്നതിനും അടിയന്തര പരിഹാരം നടപ്പാക്കുന്നതിനുമായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നടത്തുന്ന പ്രതിമാസ ഫോൺ ഇൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്നലെ(21 ഒക്ടോബർ) നടന്ന പരിപാടിയിൽ 20 പരാതികൾ മന്ത്രി നേരിട്ടു കേട്ടു.

കഴിഞ്ഞ മാസം നടന്ന പരിപാടിയിൽ ലഭിച്ച 24 പരാതികളിൽ അടിയന്തര നടപടികൾക്കു മന്ത്രി നിർദേശം നൽകി. മുൻഗണനാ കാർഡുമായി ബന്ധപ്പെട്ട 19 പരാതികളിൽ ഒക്ടോബർ 31 നകം ഇതുമായി ബന്ധപ്പെട്ട പോർട്ടലിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചു. ഈ തീയതിക്കു ശേഷം അപേക്ഷകളിൽ തുടർ നടപടി സ്വീകരിക്കും. റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ഫോണിൽ മെസേജ് ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട സെർവർ തകരാർ പരിഹരിച്ചു. സ്‌കൂൾ പരിസരത്തു മയക്കുമരുന്ന് ഉപയോഗം തടയണമെന്നാവശ്യപ്പെട്ടുള്ള പരാതി വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിജിലൻസ് കമ്മിറ്റി, പ്രിവിലേജ് കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

റേഷൻ കാർഡ് വിതരണം, റേഷൻ വിതരണം തുടങ്ങിയവയടക്കം പൊതുവിതരണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പൊതുജനങ്ങൾക്കു നേരിട്ടു മന്ത്രിയെ അറിയിക്കാനുള്ള അവസരമാണ് പ്രതിമാസ ഫോൺ ഇൻ പരിപാടി. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയിൽ മന്ത്രിയെ ഫോണിൽ കിട്ടിയില്ലെങ്കിൽ പരാതി അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലുമുണ്ട്.