മനുഷ്യനെ മയക്കുന്ന ലഹരികൾ സമൂഹത്തിൽ കൂടി വരികയാണെന്നും അതിനെ മറികടക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്നും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. സമ്പൂർണ്ണ ലഹരി വിമുക്ത ആലപ്പുഴ മണ്ഡലം കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവിതം സന്തോഷകരമായി കൊണ്ട് പോകണമെങ്കിൽ ലഹരിയെന്ന വിപത്തിനെ നാം ഒഴിവാക്കണം. നമ്മളെ ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും സമീപ കാലത്തായി ലഹരി ഉപയോഗിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ലഹരി സാമ്പത്തിനെയും വ്യക്തിയേയും കുടുംബത്തേയും എല്ലാം തകർക്കാൻ ശേഷിയുള്ളതാണ്. കേവലം വ്യക്തികളുടെ പ്രശ്നമായി മാത്രമല്ല ഇതിനെ കാണേണ്ടത്. ഒരു നാടിനെ തകർക്കാൻ ഏറ്റവും എളുപ്പം സാധിക്കുന്നത് അവിടുത്തെ ജനങ്ങളെ ഏതെങ്കിലും തരത്തിൽ നിഷ്ക്രിയരാക്കുക എന്നതാണ്. വലിയ ശക്തിയായ ചൈനയെ ഒപ്പിയം കറുപ്പ് യുദ്ധ രീതി ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചതൊക്കെ ലോക ചരിത്രത്തിലുള്ള കാര്യങ്ങളാണ്.

ലഹരിക്ക് എതിരായ പ്രവർത്തനം നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും നാടിന്റെ ഭാവിക്ക് വേണ്ടിയാണെന്നും മനസിലാക്കണം. കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും മറ്റ് വിവിധ മേഖലകളിലും ഒരുപാട് മുന്നേറ്റം ഉണ്ടായെങ്കിലും നമുക്ക് പരിമിതികൾ ഉണ്ടെന്ന് തിരിച്ചറിയണം. നമ്മുടെ നാട്ടിൽ എവിടെയൊക്കെ ലഹരി ഉപയോഗം ഉണ്ടെന്ന് എക്സൈസ് വകുപ്പും പോലീസ് വകുപ്പും മാത്രം നോക്കുകയല്ല വേണ്ടത്. ജനപ്രതിനിധികൾക്കും കുടുംബശ്രീ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും കാര്യക്ഷമമായി ഇടപെടാൻ സാധിക്കണം-മന്ത്രി പറഞ്ഞു.

ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നഗരസഭാധ്യക്ഷ സൗമ്യ രാജ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി.ബിജുമോൻ, ടി.വി അജിത് കുമാർ, പി. പി സംഗീത, സുദർശനാഭായ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറും വിമുക്തി ജോയിന്റ് കൺവീനറുമായ എൻ.അശോക് കുമാർ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ വി. പ്രദീപ്കുമാർ, ഡിവൈ.എസ്.പി എൻ. ആർ ജയരാജ്‌ എന്നിവർ പങ്കെടുത്തു.