സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്; അപേക്ഷ ക്ഷണിച്ചു

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പില്‍ നിന്നോ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നോ രജിസ്‌ട്രേഷന്‍ ലഭ്യമായിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂളുകളാണ് സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അപേക്ഷിക്കേണ്ടത്. 2022-23 വര്‍ഷത്തെ സ്പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അതാത് സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി നവംബര്‍ 3 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 202593.

എന്‍ട്രന്‍സ് പരിശീലന ധനസഹായം; അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയ്ക്ക് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനത്തേടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പ്രതി വര്‍ഷം 10,000 രൂപ നിരക്കില്‍ രണ്ട് വര്‍ഷത്തേക്ക് 20,000 രൂപയാണ് അനുവദിക്കുന്നത്. രക്ഷിതാവിന്റെ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപ. അര്‍ഹതയുള്ളവര്‍ ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒക്ടോബര്‍ 31 നകം ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04936 203824.