ലഹരിക്കെതിരെയുള്ള പോരാട്ടം കാലം ആവശ്യപ്പെടുന്ന പ്രവർത്തിയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടിനെ കാർന്നു തിന്നുന്ന ലഹരി പോലെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കെതിരെ യുവജനശക്തി ശരിയായ രീതിയിൽ ഇടപെടണം. ബോധവത്ക്കരണം തന്നെയാണ് ലഹരിയെന്ന വിപത്തിനെ ചെറുക്കുവാനുള്ള പ്രധാന ആയുധം. സാമൂഹിക നന്മയ്ക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവർത്തനങ്ങളിലും യുവജന പങ്കാളിത്തം ആവശ്യമാണ്. അതിനായുള്ള ആലോചനകൾ സർക്കാർ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കോർപ്പറേഷൻ ഓഫീസിന് മുൻപിൽ അവസാനിച്ചു.

സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കെ എം സച്ചിൻ ദേവ് എംഎൽഎ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ദേശീയ വോളിബോൾ താരം കിഷോർ കുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ദീപു പ്രേംനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. ഗവാസ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ എസ്.കെ. സജീഷ്, ജില്ലാ യൂത്ത് കോർഡിനേറ്റർ ടി. കെ.സുമേഷ്, അവളിടം ജില്ലാ കോർഡിനേറ്റർ കെ. എം. നിനു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ യുവജന സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, വിവിധ ക്ലബ് പ്രതിനിധികൾ, കായിക അക്കാദമി, ക്ലബ് അംഗങ്ങൾ തുടങ്ങിയവർ കൂട്ടയോട്ടത്തിന്റെ ഭാഗമായി.