വടകര നഗരസഭയുടെ കളരി നഗരം മർമ്മാണി തോപ്പ് പദ്ധതിയുടെ ഭാഗമായി പഴങ്കാവ് വാർഡിൽ ഔഷധസസ്യ തൈകൾ നട്ടുപിടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തൈകൾ നട്ടുപിടിപ്പിച്ചത്.

ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കളരി നഗരം മർമ്മാണി തോപ്പ്. കളരി അഭ്യാസങ്ങൾക്കും ചികിത്സക്കും പേരുകേട്ട വടകരയിൽ മരുന്നുകൂട്ടുകൾക്കുള്ള ഔഷധച്ചെടികൾ കിട്ടാതാകുന്നത് പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ 47 വാർഡുകളിലെ വിവിധ ഭാഗങ്ങളിലായി 100 ഏക്കർ സ്ഥലത്ത്  ഔഷധച്ചെടികൾ വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

നഗരസഭ ചെയർപേഴ്സൻ കെ പി ബിന്ദു ശതാവരി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ ഉൾപ്പെട്ട വാർഡുകളിലേക്കുള്ള ഔഷധസസ്യ തൈകൾ ഉടൻ വാർഡുകളിൽ എത്തിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.

ചടങ്ങിൽ വാർഡ് കൗൺസിലർ പി പി ബാലകൃഷ്ണൻ അധ്യക്ഷനായി.  നഗരസഭ കൗൺസിലർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ, നഗരസഭ ഉദ്യോഗസ്ഥർ,   വാർഡ് വികസന കൺവീനർ  അനീജൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.