പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി മീനച്ചില്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ സംഘടിപ്പിച്ച പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ 167 പരാതി ലഭിച്ചു. മലയോര മേഖലയില്‍ പട്ടയം കൊടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദാലത്ത് പരാതികള്‍ പരിഗണിച്ച ജില്ലാ കളക്ടര്‍ പറഞ്ഞു. തലപ്പലം ഭാഗത്ത് പി.ഡബ്ല്യു.ഡി റോഡിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച പരാതിയില്‍ നടപടി സ്വീകരിക്കും. പാലാ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്ന് മുണ്ടാങ്കല്‍ – പയപ്പാര്‍ വഴി സര്‍വീസ് നടത്തിയിരുന്ന കെ.എസ്്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്തുന്നില്ലെന്ന പരാതിയില്‍ ഉടന്‍ നടപടി എടുക്കുമെന്നു കളക്ടര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമാനുസൃതമായ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇതു സംബന്ധിച്ച മറുപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷന് നല്‍കണം. മൂന്നു മാസത്തിലൊരിക്കല്‍ ഇത്തരം പരാതി പരിഹാര പൊതുജനസമ്പര്‍ക്ക പരിപാടി താലൂക്കുകളില്‍ സംഘടിപ്പിക്കണമെന്നും ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയാണെന്നും കളക്ടര്‍ പറഞ്ഞു. തോട്ടം പുരയിടം സംബന്ധിച്ച് അഞ്ച് പരാതികള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് അപേക്ഷകള്‍, ഭൂമി സംബന്ധമായ പരാതികള്‍-64, ഫെരയര്‍ വാല്യു-5, പട്ടയം-7, പ്രകൃതിക്ഷോഭ ധനസഹായം-2, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം-2, ലൈഫ് പദ്ധതി-10, മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ -64 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെയും പരാതികളുടെയും എണ്ണം.
പാലാ ആര്‍.ഡി.ഒ പി.ജി രാജേന്ദ്ര ബാബു, തഹസീല്‍ദാര്‍ വി.എസ് സിന്ധു, എല്‍.ആര്‍ തഹസില്‍ദാര്‍ കെ. സുനില്‍കുമാര്‍, എല്‍.എ തഹസില്‍ദാര്‍ പി. പുഷ്പലത, മീനച്ചില്‍ താലൂക്ക് ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷാഹിന രാമകൃഷ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി. മഞ്ജിത്ത്, ഡി.എന്‍ വിനോദ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.