കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംകുളം കുടിവെള്ള പദ്ധതിയോടനുബന്ധിച്ച് നിര്‍മിച്ച കൊച്ചുമല ടാങ്കിന്റെയും വിതരണ ലൈനിന്റെയും ഉദ്്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കാനായി ജില്ലാപഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 30000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കും 490 വീടുകളിലേക്കുള്ള വിതരണ ലൈനും നിര്‍മിച്ചത്. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിന്തറ്റിക് ടാങ്ക് നശിച്ചതിനെ തുടര്‍ന്നാണ് ജോയി കൊച്ചുമല സംഭാവന നല്‍കിയ ഒരു സെന്റ് സ്ഥലത്ത് പുതിയ ടാങ്ക് നിര്‍മിച്ചത്.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി. കുര്യന്‍, പഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സാ ജോസഫ്, ഡാര്‍ലി ജോജി, ഇ.കെ. കമലസാനന്‍, സന്ധ്യ സജികുമാര്‍, എം.എന്‍. രമേശന്‍, ജോയ്‌സ് അലക്സ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആര്‍. 2587/2022)