വൈത്തിരി ഗ്രാമപഞ്ചായത്തില്‍ വന്യമൃഗശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ചുണ്ടേല്‍ മുതല്‍ ലക്കിടി വരെയുള്ള 12 കിലോമീറ്റര്‍ ദൂരം ജനകീയമായി വൈദ്യുതി ഫെന്‍സിംഗ് നിര്‍മ്മിക്കുന്നു. പ്രവര്‍ത്തി ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാന ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ എത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകളുടെയും കൂട്ടായ സഹകരണത്തോടെ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നത്.
ചുണ്ടേല്‍, ചേലോട്, വട്ടക്കുണ്ട്, അമ്മാറ, തളിമല, തെലകുന്ന്, ചാരിറ്റി, വട്ടപ്പാറ, മുള്ളമ്പാറ, അറമല, ലക്കിടി, വട്ടവയല്‍ തുടങ്ങിയ പ്രദേശങ്ങളിലും
ദേശീയപാതയിലും പകല്‍ സമയങ്ങളിലും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പതിവായിരുന്നു. തോട്ടം തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കാല്‍നട യാത്രക്കാര്‍ എന്നിവര്‍ക്ക് യാത്ര ചെയ്യുന്നതിനും വന്യമൃഗങ്ങള്‍ ഭീഷണിയായിരുന്നു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയാണ് ജനകീയ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.
ചടങ്ങില്‍ എ.എ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ മുഖ്യ പ്രഭാഷണം നടത്തി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.ഒ ദേവസ്സി, ഫാ.ഫ്രാന്‍സീസ്, എം.വി ബാബു. കെ.എം.എ സലീം, ഉഷാ ജ്യോതിദാസ്, കെ.കെ തോമസ്, ഒ.ജിനിഷ, സിസ്റ്റര്‍ എ.അനറ്റ്, എം.പി ഷൈജു, റ്റി. നാസര്‍, കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.