ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗവും സംയുക്തമായി റെഡ് റിബണ്‍ ക്ലബ് പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി കോമ്പൗണ്ടിലെ ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സരത്തില്‍ വിവിധ കോളേജുകളില്‍ നിന്നായി 8 ടീമുകള്‍ പങ്കെടുത്തു. ബത്തേരി സെന്റ് മേരീസ് കോളേജിലെ അനുഗ്രഹ് ലാല്‍, അനുഗ്രഹ് ജെയിംസ് സഖ്യം ഒന്നാം സ്ഥാനം നേടി. കെ.എം.എം. ഐ ടി ഐ കല്‍പ്പറ്റയിലെ ബാജിയോ തോമസ്, മുഹമ്മദ് ദില്‍ഷന്‍ സഖ്യം രണ്ടാം സ്ഥാനവും മീനങ്ങാടി ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജിലെ നവ്യ വിജയന്‍, എ.പി അനുശ്രീ സഖ്യം മൂന്നാം സ്ഥാനവും നേടി.
മത്സരം ഡി. എം. ഒ ഇന്‍ ചാര്‍ജ്ജ് ഡോ.പി. ദിനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി ആന്റ് എയ്ഡ്സ് നിയന്ത്രണ വിഭാഗം ഓഫീസര്‍ ഡോ. കെ വി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. ആന്‍സി ജേക്കബ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, എച്ച്.ഐ.വി ടി ബി കോര്‍ഡിനേറ്റര്‍ വി .ജെ ജോണ്‍സണ്‍, സ്റ്റാസ്റ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം തുടങ്ങിയവര്‍ സംസാരിച്ചു . സുരക്ഷ പ്രൊജക്റ്റ് മാനേജര്‍ ജിബിന്‍ കെ ഏലിയാസ് മത്സരം നിയന്ത്രിച്ചു. ജില്ലയിലെ ഒന്നാം സ്ഥാനക്കാര്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടി. എച്ച്.ഐ.വി / എയ്ഡ്സ്, സന്നദ്ധ രക്തദാനം , മയക്കു മരുന്നുകളുടെ ദുരുപയോഗം, കൗമാര ആരോഗ്യം എന്നിവയെക്കുറിച്ചു കോളേജ് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ഉത്തരം 3 .0 എന്ന പേരിലാണ് എല്ലാ ജില്ലകളിലും മത്സരം സംഘടിപ്പിക്കുന്നത്.