കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണമെന്നും അല്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരമുള്ള കേരളത്തിലെ നികുതി അടയ്ക്കണമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. രജിസ്ട്രേഷൻ മാറ്റുകയോ അല്ലെങ്കിൽ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നവംബർ ഒന്നു മുതൽ കേരളത്തിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ല. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആന്റ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗലാന്റ്, ഓറീസ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് ഇവിടെ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.