സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 25 പരാതികള്‍ തീര്‍പ്പാക്കി. 65 പരാതികളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. 35 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അഞ്ച് പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടും.

കമ്മീഷന് മുമ്പാകെ എത്തിയ പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരാതികളായി ലഭിച്ചു. അണ്‍എയിഡഡ് സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ നേരിടുന്ന ചൂഷണങ്ങളാണ് ഇവയില്‍ അധികവും. തൊഴില്‍ സ്ഥിരതയില്ലായ്മ, നാമമാത്രമായ വേതനത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യം തുടങ്ങിയ പ്രശ്‌നങ്ങളാണ് പരാതിയായി ലഭിച്ചത്. അധ്യാപികമാര്‍ക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്താതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ജോലിചെയ്യിപ്പിക്കുന്ന സാഹചര്യം വലിയ ഗൗരവമേറിയതാണെന്നും കമ്മീഷന്‍ വിലയിരുത്തി.

കുട്ടിയുടെ പിതൃത്വം അംഗീകരിക്കാന്‍ തയ്യാറാകാത്തതുമായി ബന്ധപ്പെട്ട് വന്ന പരാതിയില്‍ ഡി.എന്‍.എ ടെസ്റ്റും കേസും സൗജന്യമായി നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചതായി പി.സതീദേവി പറഞ്ഞു.

കമ്മീഷന്‍ ഡയറക്ടര്‍ എസ്.പി ഷാജി സുഗുണന്‍, എസ്.ഐ സാജിത, എസ്.സി.പി.ഒ ഗിരിജാ നാറാണത്ത്, അഭിഭാഷകരായ പി.എ അഭിജ, ടി.ജിഷ, ജമിനി, കൗണ്‍സിലര്‍മാരായ എം.സബിന, സി.അവിന, കെ.സുദിന, സുനിഷ റിനു തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുത്തു