എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന നടപ്പാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികള്‍ തരണം ചെയ്ത് സ്വയം തൊഴില്‍മേഖലയില്‍ കടന്നുവരാന്‍ തൊഴില്‍ രഹിതരായ യുവ തലമുറ തയാറാകണമെന്ന് കൗണ്‍സിലര്‍ പറഞ്ഞു.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.ജി വിനോദ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) സി.ഖദീജാബീവിയും സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ സിറിയക് തോമസും ശില്‍പശാല നയിച്ചു. സ്വയം തൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറവും ശില്‍പശാലയില്‍ വിതരണം ചെയ്തു. 2022-23 സംസ്ഥാനസര്‍ക്കാര്‍ സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന നടത്തി വരുന്ന സ്വയം തൊഴില്‍ ബോധവത്ക്കരണ പരിപാടികളിലൂടെ സംരംഭകരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുകയാണ് ലക്ഷ്യം.