പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി വൈക്കം താലൂക്കിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സംഘടിപ്പിച്ച പൊതുജനസമ്പർക്ക പരിപാടിയിൽ 181 പരാതി ലഭിച്ചു.
രണ്ടാഴ്ചയ്ക്കകം പരാതികളിൽ തീർപ്പു കൽപ്പിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലം / പുരയിടം സംബന്ധിച്ച് എട്ട് പരാതികൾ, ചികിത്സാ ധനസഹായം – 14, അപേക്ഷകൾ, ഭൂമി സംബന്ധമായ പരാതികൾ- 44, പട്ടയം-20, ലൈഫ് പദ്ധതി-16, മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടവ -45, മറ്റുള്ളവ-34 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെയും പരാതികളുടെയും എണ്ണം.

മൂന്നു മാസത്തിലൊരിക്കൽ ഇത്തരം പരാതി പരിഹാര പൊതുജനസമ്പർക്ക പരിപാടി താലൂക്കുകളിൽ സംഘടിപ്പിക്കണമെന്നും അദാലത്തുകളിൽ സ്വീകരിക്കുന്ന പരാതികളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും കളക്ടർ പറഞ്ഞു. സർക്കാർ ഓഫീസുകളിലെത്തുന്ന അപേക്ഷകന്റെ ആവശ്യം സമയബന്ധിതമായി നിയമപ്രകാരം നടപ്പിലാക്കുക എന്നതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ പ്രാഥമിക ഉത്തരവാദിത്തമെന്നും കളക്ടർ പറഞ്ഞു.

ആർ.ആർ. ഡെപ്യൂട്ടി കളക്ടർ അനിൽ ഉമ്മൻ, വൈക്കം തഹസിൽദാർ റ്റി എൻ വിജയൻ, തഹസിൽദാർ (ഭൂരേഖ) പി. സജി, വില്ലേജ് ഓഫീസർമാർ വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.