ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിക്കുന്ന അസാപ് (അഡീഷനൽ സ്​കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. വിദഗ്ധരുടെ പരിശീലനം ലഭ്യമാകുന്ന കമ്യൂണിറ്റി കോളജിന് സമാനമായാണ് പാർക്കിന്‍റെ പ്രവർത്തനം. ചെറിയ കലവൂർ ക്ഷേത്രത്തിന് കിഴക്ക് എ.എസ് കനാലിനോട് ചേർന്ന ജില്ല പഞ്ചായത്തിന്‍റെ ഒരേക്കർ അഞ്ച് ​സെന്‍റ്​ സ്ഥലത്ത് 16 കോടി രൂപ ചെലവിൽ 25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ഒരേ സമയം 600 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യമുണ്ടാവും.

ഹെവി മെഷിനറി, പ്രിസിഷൻ ബേസ്ഡ്, ഐ.ടി, ആക്ടിവിറ്റി ബേസ്ഡ് തുടങ്ങി പ്രധാനമായും നാല് വിഭാഗങ്ങളിലുള്ള നൈപുണ്യ പരിശീലനമാണ് ഇവിടെ നിന്നും നൽകുക. മെക്കാനിക്കൽ, ഫാഷൻ ഡിസൈനിങ്, കയർ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠന പരിശീലനവും ഇവിടെ നിന്നും ലഭിക്കും.

കെട്ടിടത്തിൻറെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ഇവിടെ സന്ദർശനം നടത്തി. സ്‌കിൽ പാർക്കിന് സമീപമുള്ള കനാൽ പ്രദേശം നവീകരിച്ച് സാഹസിക ടൂറിസത്തിനുള്ള സാധ്യതകൾ കൂടി പഠിക്കണമെന്ന് കളക്ടർ നിർദേശിച്ചു. അസാപ് ജില്ല പ്രോഗ്രാം മാനേജർ ബിനിഷ് ജോർജ് കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.