മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് കരുത്തേകി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും. ബോധവത്ക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, നാടകം തുടങ്ങിയവ സംഘടിപ്പിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ക്യാമ്പയിനിന്റെ ഭാഗമായത്. ‘ജീവിതത്തിലെ ആരോഗ്യപരമായ പുതുലഹരികള്‍ കണ്ടെത്തൂ, നല്ല നാളേക്കായി ഇന്ന് തന്നെ മാറാം’ എന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് പ്രോവിഡന്‍സ് വുമണ്‍സ് കോളേജില്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

പരിപാടിയില്‍ നശാമുക്ത് ഭാരത് അഭിയാനിലെ പരിശീലകന്‍ റഷീദ് പൂനൂര്‍ ലഹരി ഉപയോഗത്തെ കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു. വെള്ളിമാട്കുന്ന് സര്‍ക്കാര്‍ ലോ കോളേജിലെ ക്ലിജോ നിയമസഹായ വേദി അവതരിപ്പിച്ച ഫ്ലാഷ് മോബിന് പുറമെ ലഹരി കുടുംബങ്ങളിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള നാടകവും പരിപാടിയുടെ ഭാഗമായി നടന്നു. ലഹരിക്കെതിരായ ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

ലഹരി അവബോധ മൊബൈല്‍ എക്സിബിഷന്‍ വാഹനവും ഇതിന്റെ ഭാഗമായി കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിനിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ദീപ, അധ്യാപിക എസ്.അശ്വനി എന്നിവര്‍ സംസാരിച്ചു. പ്രോവിഡന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളായ അഭിഷ, അക്ഷര, റയിന റാഷി, അമൃത, റിനു എന്നിവര്‍ ലഹരിക്കെതിരെയുള്ള അവരുടെ ആശയങ്ങളും പങ്കുവെച്ചു. ലഹരി ഉപയോഗം നിര്‍ത്തണമെന്നത് അനിവാര്യമാണ്. വായന, യാത്ര, ഭക്ഷണം, സ്‌പോര്‍ട്‌സ് തുടങ്ങിയവ പുതുലഹരികളെ കണ്ടെത്തുമെന്നും സമൂഹത്തിനും ശരീരത്തിനും ദോഷകരമായ ലഹരികള്‍ അകറ്റി നിര്‍ത്തേണ്ടവയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.