കൃഷിയിടങ്ങളിലേയ്ക്ക് ഇന്ന് (ഒക്ടോബർ 28) മന്ത്രിയും

ഒല്ലൂക്കരയിൽ തുടരുന്ന കൃഷിമന്ത്രിയുടെ ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാന  ഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനം കർഷകൻ്റെ മനസ് തൊട്ടറിഞ്ഞ അനുഭവം. ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തുർ ,നടത്തറ ,വിൽവട്ടം ,  തൃശൂർ കോർപ്പറേഷൻ  കൃഷിഭവൻ പരിധിയിൽ വരുന്ന 150 ഓളം കൃഷിയിടങ്ങളിലായിരുന്നു സന്ദർശനം. കൃഷി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ, മണ്ണ് സംരക്ഷണ-മണ്ണ് പര്യവേക്ഷണ വകുപ്പ് ,കാർഷിക സർവകലാശാലയിലെ ശാസത്രജ്ഞർ, കൃഷി ബിരുദ വിദ്യാർത്ഥികൾ, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ 350 ഓളം പേരടങ്ങുന്ന ടീമാണ് 150 ഓളം  കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.

ഓരോ പഞ്ചായത്തിലെയും കൃഷി കൂട്ടങ്ങളുടെ കൃഷിയിടം, സംയോജിത കൃഷിയിടങ്ങൾ, സ്കൂൾ കൃഷിയിടം, പൊതുസ്ഥല കൃഷിയിടങ്ങൾ, നവീന കൃഷി സ്ഥലങ്ങൾ, തരിശുനിലങ്ങൾ, വീട്ടിലെ കൃഷി, മട്ടുപ്പാവുകൃഷി എന്നിയിടങ്ങളിലാണ് സന്ദർശനം നടത്തിയത്. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, അവരുടെ കൃഷി അനുഭവങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട് മനസിലാക്കുകയായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടത്.

വിളയിടത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് റവന്യൂമന്ത്രി കെ രാജൻ, കൃഷി സെക്രട്ടറി ഡോ.ബി അശോക്, കൃഷി ഡയറക്ടർ ടിവി സുബാഷ്  എന്നിവർ നേതൃത്വം കൊടുക്കുന്ന വിദഗ്ദരുടെ മുമ്പാകെ അവതരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും വേണ്ട പദ്ധതികൾ ഏതെല്ലാം അവ മുൻഗണനാക്രമത്തിൽ തയ്യാറാക്കി വിവിധ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നടപ്പിലാക്കും.

പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ജോർജ്ജ് അലക്സാണ്ടർ ,സുനിൽ കുമാർ ,ജോർജ്ജ് സെബാസ്റ്റിൻ ,ശ്രീരേഖ ,കെ ചന്ദ്രൻ ,പ്രിൻസിപ്പൽ കൃഷി ഓഫിസർ സിനിയ കെ.കെ , പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എസ് സൂരജ് ,ആത്മ പ്രൊജക്ട് ഡയറക്ടർ അനു മൈക്കിൾ ,കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജെയ്ക്കബ്ബ് ജോൺ എന്നിവർ നേതൃത്വം നൽകി.