കൃഷിദർശന്റെ ഭാഗമായുള്ള കാർഷിക പ്രദർശനമേളയിൽ കാർഷിക മേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനവുമായി സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യത്തിൻ്റെ പ്രദർശന സ്റ്റാൾ. എസ്എഫ്എസിയുടെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അറിയാൻ ധാരാളം പേരാണ് സ്റ്റാൾ സന്ദർശിക്കുന്നത്.
സംരംഭകർക്കും കർഷകർക്കും അധിക വരുമാനം ഉറപ്പാക്കുന്ന കർഷക ഉത്പാദന സംഘടനകളുടെ നടപ്പാക്കലും പ്രോത്സാഹന പദ്ധതികളുമാണ് എസ്എഫ്എസി വഴി നടപ്പാക്കുന്നത്. കാർഷിക സംരംഭകത്വ പ്രോത്സാഹന പദ്ധതി വഴി വ്യക്തിഗത, പാർട്ണർഷിപ്പ് സംരംഭങ്ങൾക്കും, സ്വാശ്രയ കർഷക സംഘങ്ങൾക്കും, കർഷക ഉൽപാദന സംഘടനകൾക്കും 50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ നൽകുന്നു. ഫാക്ടറി കെട്ടിടം, ഇലക്ട്രിഫിക്കേഷൻ, യന്ത്ര സാമഗ്രികൾ, സാങ്കേതികവിദ്യ തുടങ്ങി വിവിധ സംരംഭക ഘടകങ്ങൾക്കാണ് ആനുകൂല്യങ്ങൾ നൽകുന്നത്.
സംസ്ഥാന കൃഷി വകുപ്പ് എസ്എഫ്എസി വഴി നടപ്പാക്കി വരുന്ന അതിരപ്പിള്ളി ട്രൈബൽവാലി കർഷക ഉൽപാദക കമ്പനി, പാഡി അഗ്രോ കർഷക ഉൽപാദക കമ്പനി, ഒല്ലൂർ കൃഷി സമൃദ്ധി ഉത്പാദക കമ്പനി തുടങ്ങി വിവിധ സംഘടനകൾ അവരുടെ മൂല്യവർദ്ധിത സംരംഭകത്വ പദ്ധതികളുമായി സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. സ്റ്റാൾ സന്ദർശിക്കുന്നവർക്ക് വിവിധ സംരംഭകർ ഉത്പാദിപ്പിച്ച കാർഷിക വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.