ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്തിൽ സംരംഭകർക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്വയം തൊഴിൽ സംരംഭക ആശയങ്ങൾ പരിചയപ്പെടുത്താനും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം നൽകാനുമായിരുന്നു സെമിനാർ.

‘സംരംഭം തുടങ്ങുമ്പോൾ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതി ലഭിക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ ശീതൾ ഇ എസ് ക്ലാസെടുത്തു. മാള ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ജിന്റോ പൗലോസ് ‘കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സേവനങ്ങളും, ലൈസൻസ് നടപടിക്രമങ്ങളും’ സംബന്ധിച്ച് വിശദീകരണം നടത്തി. തുടർന്ന് സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. സംരംഭകരാകാൻ താല്പര്യമുള്ള 120 പേർ സെമിനാറിൽ പങ്കെടുത്തു.

മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ജുമൈല ഷഗീർ, ഡൊമിനിക് ജോമോൻ, ബിന്ദു ഷാജു, സിൽവി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ ജിന്റോ പൗലോസ് എന്നിവർ പങ്കെടുത്തു.