ലഹരിവിരുദ്ധ ബോധവത്ക്കരണ ജില്ലാതല ക്യാമ്പയിന്‍
ഉദ്ഘാടനം ചെയ്തു

രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ എല്ലാ വിഷയത്തിലും എ പ്ലസുകള്‍ നേടുന്നതിന് സജ്ജമാക്കുന്നതിനോടൊപ്പം ജീവിതത്തിലും എ പ്ലസ് നേടാന്‍ അവരെ പ്രാപ്തരാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരിവിമുക്ത കേരളം’ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ സാക്ഷരതാമിഷന്‍, പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ ബോധവത്ക്കരണ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്താണ് ലഹരി. ഒരു തലമുറയേ തന്നെ ഇല്ലായ്മ ചെയ്യാന്‍ ലഹരിക്ക് കഴിയും. ലഹരി ഉപയോഗം കുട്ടികളില്‍ വര്‍ധിച്ചുവരുകയാണ്. കുട്ടികളിലെ ആത്മാവിശ്വാസക്കുറവാണ് അവരെ ലഹരിക്കടിമയാക്കുന്നത്. എല്ലാവരുടെയും സഹകരണമുണ്ടങ്കിലെ കേരളം ലഹരിമുക്തമാകൂ. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത കേരളം പ്രചരണ പരിപാടിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി നവംബര്‍ ഒന്നിന് പൊന്നാനി മുതല്‍ വഴിക്കടവ് വരെ മനുഷ്യശൃംഖല തീര്‍ക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.അബ്ദുള്‍ റഷീദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുള്‍ റഷീദ്, നാശമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഹരികുമാര്‍, വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ എം.ദാസ്, സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, സബ്എഡിറ്റര്‍ ടി.അനീഷ എന്നിവര്‍ സംസാരിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിമുക്തി പ്രിവന്റീവ് ഓഫീസര്‍ ആന്‍ഡ് റിസോഴ്‌സ്‌പേഴ്‌സണ്‍ പി.ബിജു സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസെടുത്തു. ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കും വായനാപക്ഷാചരണത്തിന്റെ ഭാഗമായുള്ള വായനാ ആസ്വാദനക്കുറിപ്പ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ നിര്‍വഹിച്ചു. തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ മത്സരത്തില്‍ പ്ലസ് വണ്‍ പഠിതാവ് ഇബ്രാഹീം കുട്ടി (അരീക്കോട് ജി.എച്ച്.എസ്.എസ് പഠന കേന്ദ്രം) പ്ലസ്ടു പഠിതാവ് ടി.പി അമീന്‍ റസിയാന (മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്) എന്നിവരും പ്രേരക് വിഭാഗത്തില്‍ മലപ്പുറം സി.ഇ.സിയില്‍ നിന്നുള്ള പി. അജിത കുമാരിയുമാണ് വിജയികളായത്. വായനാ ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗത്തില്‍ പ്രമോദ് കവളങ്ങാട്, പത്താം തരം തുല്യതാ വിഭാഗത്തില്‍ സി. മന്‍സൂര്‍ അലി, പ്രേരക് വിഭാഗത്തില്‍ എന്‍.ആസ്യാബിയുമാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹരായത്.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം അധ്യാപക ശില്‍പശാല

ഊര്‍ജ സംരക്ഷണ പരിപാടിയായ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും പരിപാടികളെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി സ്‌കൂള്‍ തല കോ ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല ഒക്‌ടോബര്‍ 28ന് നടക്കും. ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെ മലപ്പുറം ആലത്തൂര്‍പടിയിലുള്ള എം.എം.ഇ.ടി.എച്ച്.എസ്.എസിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ദര്‍ബാര്‍ ഹാളില്‍ ശില്പശാല നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പും ഊര്‍ജവകുപ്പിനു കീഴിലെ എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി സംസ്ഥാനത്തെ എല്‍പി, യുപി, എച്ച്എസ് തലങ്ങളിലൂടെ നടത്തി വരുന്ന പരിപാടിയാണ് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം. പദ്ധതി വിശദീകരണം, സ്‌കൂളുകള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള മത്സര പരിപാടികള്‍, കോ-ഓര്‍ഡിനേറ്റിങ് അധ്യാപകര്‍ക്കുള്ള പ്രോത്സാഹനങ്ങള്‍, ഈ വര്‍ഷത്തെ ഊര്‍ജോത്സവം വിവരങ്ങള്‍, പുതിയ സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ഈ ശില്പശാലയില്‍ സ്‌കൂളിലെ എസ്.ഇ.പി കോ-ഓര്‍ഡിനേറ്റര്‍/പ്രതിനിധി നിര്‍ബന്ധമായും പങ്കെടുക്കണം. പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഈ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സബ് ജില്ലകളിലേയും എല്‍.പി, യു.പി, എച്ച്.എസ് സ്‌കൂളുകളും ശില്പശാലയില്‍ പങ്കെടുക്കണം. ഫോണ്‍: 9349791238.