നോര്‍ക്ക റൂട്ട്സ് മലപ്പുറം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി. നഗരസഭ ബസ് സ്റ്റാന്‍ഡ് ഷോപിങ് കോംപ്ലക്‌സിലാണ് ഓഫീസ് ഇനി പ്രവര്‍ത്തിക്കുക. മലപ്പുറം സിവില്‍ സ്റ്റേഷനിലായിരുന്നു നേരത്തെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. ശിവദാസ്, നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രവാസികള്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ഓഫീസിലേക്ക് മാറിയത്. തിരിച്ചുവന്ന പ്രവാസികള്‍ക്കായുള്ള സാന്ത്വന ധനസഹായ പദ്ധതി, പുനരധിവാസ പദ്ധതിയായ എന്‍ഡിപിആര്‍ഇഎം, നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കായുള്ള പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, ആരോഗ്യ രക്ഷ. ഇന്‍ഷുറന്‍സ് കാര്‍ഡ്, വിദ്യഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ എന്നീ സേവനങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമാകും. രണ്ട് ജീവനക്കാരുടെ സേവനം ഇവിടെ ലഭിക്കും. നോര്‍ക്ക റൂട്ട്സിന്റെ വിവിധ സേവനങ്ങളും പ്രവാസി ക്ഷേമ പദ്ധതികളുമെല്ലാം ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0483 2732922. പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നോര്‍ക്ക ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രധാന പദ്ധതികള്‍ പരിചയപ്പെടാം.

സാന്ത്വന

തിരികെയെത്തിയ പ്രവാസികള്‍ക്ക് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണിത്. ചികിത്സാസഹായം, മരണാനന്തര സഹായം, പെണ്‍മക്കളുടെ വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങുക തുടങ്ങിയവയ്ക്കാണ് ധനസഹായം നല്‍കുക. ക്യാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ചികിത്സ സഹായമായി പരമാവധി 50,000 വരെ ലഭിക്കും. പെണ്‍മക്കളുടെ വിവാഹത്തിന് 15000 വരെയും അംഗവൈകല്യ ഉപകരണം വാങ്ങാന്‍ 10000 വരെയും ലഭിക്കും. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവര്‍ ആയിരിക്കണം. അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

പ്രവാസി പുനരധിവാസ പദ്ധതി

വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍ഡിപിആര്‍ഇഎം). പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകള്‍ സ്വീകരിച്ച് സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്സ് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നല്‍കും. ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് തൊഴില്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൊസൈറ്റികള്‍, എന്നിവര്‍ക്കും അപേക്ഷിക്കാം.