കാർഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൂവാറൻതോട് കാടോത്തിക്കുന്ന് പ്രദേശത്ത് പണി പൂർത്തീകരിച്ച സൗരോർജ്ജ വേലിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ. എ. നിർവ്വഹിച്ചു.

2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്.  കൃഷിയിടത്തിൽ വന്യമൃഗ ആക്രമണം തടയുന്നതിന് വനാതിർത്തി പ്രദേശങ്ങൾ വരും വർഷങ്ങളിൽ വിവിധ പദ്ധതികളിലായി വേലി നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പൂർത്തീകരിച്ച വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പ്രദേശവാസികളായ കർഷകർ നിശ്ചിത ഇടവേളകളിൽ മോണിറ്ററിംഗ് നടത്തണമെന്നും അടിക്കാടുകൾ വെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ എൽസമ്മ ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചർ, വി.എസ്. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബോബി ഷിബു, ജറീന റോയ്, സീന ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. പ്രിയ മോഹൻ, കൃഷി ഓഫീസർ പി. എം. മുഹമ്മദ്, കൃഷി അസിസ്റ്റന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികളായ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.