താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവൽക്കരിച്ചു നവീകരിക്കുന്ന പദ്ധതിക്ക് 50 ലക്ഷം സർക്കാർ അനുവദിക്കുമെന്ന് ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും 121-ാമത് കോട്ടയം മത്സരം വള്ളംകളിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാറിയ താഴത്തങ്ങാടി വള്ളംകളി ചരിത്രത്തിന്റെ ഭാഗമായെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായി. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയന് സുവനീർ കൈമാറി തോമസ് ചാഴികാടൻ എം.പി. പ്രകാശനം നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പതാക ഉയർത്തി. താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവൽക്കരണപദ്ധതിയുടെ രൂപരേഖ കോട്ടയം നഗരസഭാംഗം ഷേബാ മാർക്കോസും കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് ലിയോ മാത്യൂവും ചേർന്ന് ജലസേചന വകുപ്പുമന്ത്രി റോഷി അഗസ്റ്റിനു കൈമാറി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കോട്ടയം നഗരസഭാംഗങ്ങളായ ജിഷ ജോഷി, എം.പി. സന്തോഷ്‌കുമാർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. ഷൈനിമോൾ, വി.എസ്. ഷമീമ, ബുഷറ തൽഹത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നാട്ടകം സുരേഷ്, അഡ്വ. വി.ബി. ബിനു, ബി. രാധാകൃഷ്ണ മേനോൻ, പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിങ്, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം അബുഷമ്മാസ് മുഹമ്മദലി മൗലവി, കോട്ടയം മത്സരവള്ളം കളി ജനറൽ സെക്രട്ടറി സുനിൽ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.