കുമളി, അമരാവതി, അട്ടപ്പള്ളം, വെള്ളാരംകുന്ന് സ്കൂളുകളിലെ എൻ.എസ്.എസ്. ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ സമൂഹ ജാഗ്രതാ ജ്യോതി തെളിച്ചു. കുമളി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് പൊതു വേദിയിലും ബസ് സ്റ്റാൻഡിലുമായി നടത്തിയ പരിപാടി കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്‌ഘാടനം ചെയ്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫിസർ റജി ടി. തോമസ് അധ്യക്ഷത വഹിച്ചു.

ലഹരി വിമുക്ത സമൂഹത്തിന്റെ ആവശ്യകത പൊതു സമൂഹത്തെ ഉണർത്തുന്നതിനാണ് സംസ്ഥാന സർക്കാരിൻെറ ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി എല്ലാ എൻ.എസ്.എസ്. ക്ലസ്റ്റർ യൂണിറ്റുകളും ചിരാത് വെളിച്ചവുമായി പൊതുനിരത്തിൽ അണിനിരക്കുന്നത്. ഇതിൻെറ ഭാഗമായാണ് കുമളി, അമരാവതി, അട്ടപ്പള്ളം, വെള്ളാരംകുന്ന് സ്കൂളുകളിലെ എൻ.എസ്.എസ്. ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ സമൂഹ ജാഗ്രതാ ജ്യോതി തെളിച്ചത്. പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പുകളും പഞ്ചായത്തും ജനപ്രതിനിധികളും പൊതുപ്രവർത്തകരും വിവിധ സംഘടനകളും മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി.

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ സലിം ലഹരി വിരുദ്ധ സന്ദേശം നൽകി. കുമളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ദിഖ്, പഞ്ചായത്ത് അംഗങ്ങളായ റോബിൻ കാരക്കാട്ട്, നോളി ജോസഫ്, സുലു മോൾ, ജയമോൾ മനോജ്, വ്യാപാരി വ്യവസായി കുമളി യൂണിറ്റ് പ്രസിഡൻറ് മജോ കാര്യമുട്ടം, വണ്ടിപ്പെരിയാർ എക്സൈസ് പ്രിവന്റിവ് ഓഫീസർ രാജ്കുമാർ ബി., എൻ. എസ്.എസ്. പ്രോഗ്രാം ഓഫിസർമാർ തുടങ്ങിയവർ സംസാരിച്ചു.