നവീകരിച്ച അമ്മങ്ങാട്ട് വേലായുധൻ റോഡ് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ വികസനം തീരദേശത്തിന്റെ സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കും. തീരദേശ മേഖലയുടെ വികസനം പ്രധാനമാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് സർക്കാർ തീരദേശ റോഡുകളുടെ വികസനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ റോഡ് വികസനത്തിന്റെ ഭാഗമായി 65.80 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ എം. ബിജുലാൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായി.

ഹാർബർ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. കെ സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൺവീനർ എം. എ റഷീദ്‌, കൗൺസിലർ എൻ. ജയഷീല, മറ്റു ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.