കോട്ടയം: ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും ഭാഷ ദേശീയതയുടെ ഏറ്റവും വലിയ പ്രതീകമാണെന്നും സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ഭരണഘടന അംഗീകരിച്ചിട്ടുള്ള 22 ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകി സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.കേരളപ്പിറവിദിനത്തോടനുബന്ധിച്ച് വിവര-പൊതു ജനസമ്പർക്ക വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി വി. എൻ. വാസവൻ.

ഭാഷാ എന്നു പറയുന്നതു വാക്കുകളുടെ കൂട്ടമോ വ്യാകരണനിയമങ്ങളോ മാത്രമല്ല ജീവിതരീതിയും ദൈനംദിന സംസ്‌കാരവുമാമെണന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ പറഞ്ഞു.

ജില്ലാ കലക്ടർ ഡോ. പി. കെ. ജയശ്രീ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവര- പൊതുജന സമ്പർക്ക വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.