ജീവനോപാധിയായി വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന ചലിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ വിശദീകരണ യോഗം മുള്ളന്‍കൊല്ലി പഞ്ചായത്ത് ഹാളില്‍ നടന്നു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ.എസ് പ്രേമന്‍ പദ്ധതി വിശദീകരിച്ചു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ആഴ്ചയില്‍ 6 ദിവസം രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ചലിക്കുന്ന മൃഗാശുപത്രി സേവനം ലഭ്യമാക്കും. 100 രൂപയാണ് പരിശോധനക്കും മരുന്നിനുമായി കര്‍ഷകര്‍ അടക്കേണ്ടത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ക്ഷീരസംഘം പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.