കോട്ടയം: ഡിജിറ്റൽ റീസർവേ റവന്യു രേഖകളുടെ സുരക്ഷ വർധിപ്പിക്കുമെന്ന് സഹകരണ സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായി ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളൂർ ഹോളി ഫാമിലി പാരിഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നാലുവർഷക്കാലം കൊണ്ടു സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലെയും റീസർവേ ഡിജിറ്റൽ രൂപത്തിലാക്കുമെന്നു മന്ത്രി പറഞ്ഞു. ഭൂമി അളന്നു തിട്ടപ്പെടുത്താൻ ജനങ്ങൾ സർവേ ഉദ്യോഗസ്ഥരെ നോക്കി ഇരിക്കുന്ന സാഹചര്യവും ഭൂമിയുടെ അതിർത്തി സംബന്ധിച്ച വിഷയങ്ങളിൽ ജനങ്ങൾ സർക്കാർ ഓഫിസുകൾ തോറും കയറി ഇറങ്ങേണ്ടി വരുന്ന അവസ്ഥക്കും പദ്ധതിയിലൂടെ പരിഹാരമാകും.
ആദ്യഘട്ടത്തിൽ ജില്ലയിൽ ഒൻപതു വില്ലേജുകളിൽ നടപ്പാക്കിയ ഡിജിറ്റൽ റീസർവേ ജില്ലയിലെ എല്ലാ വില്ലേജുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. നാലുവർഷം കൊണ്ട് ശാസ്ത്രീയമായി സർവേ പൂർത്തിയാക്കി എല്ലാ ഭൂമിക്കും കൃത്യമായ സർവേ രേഖകൾ തയാറാക്കുകയാണു സർക്കാർ ലക്ഷ്യം. റീസർവേ നടപടികൾ സംസ്ഥാനത്ത് 1966ൽ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതികവിദ്യയുടെ അഭാവം മൂലം 56 വർഷത്തിനുശേഷവും പൂർത്തിയാക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനീക സാങ്കേതികവിദ്യകളും നൂതന സർവേ ഉപകരണങ്ങളും ഉപയോഗപ്പെടുത്തി ബഹുജനപങ്കാളിത്തത്തോടെ ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനമൊട്ടാകെ വില്ലേജ് തലത്തിൽ സർവേ നടപടികൾ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാർ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.