മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി
മലയാള ഭാഷയെ സജീവമാക്കി നിലനിര്‍ത്താന്‍ കാലാനുസൃതമായി വികസിപ്പിക്കുകയും ഭാഷയുടെ ഉത്ഭവം തിരിച്ചറിയുകയും വേണമെന്ന് ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ ഒ.കെ ജോണി. ഭാഷയോട് ആദരവു കാണിക്കാന്‍ മലയാളികള്‍ തയ്യാറാവണം. ഭാഷയെ സംബന്ധിച്ച സങ്കുചിത ചിന്തകള്‍ മാറ്റിവെച്ച് മലയാളി തന്റെ അമ്മ ഭാഷയായ തമിഴിനെ ഉള്‍ക്കൊണ്ടാല്‍ മാത്രമെ ഭാഷക്കുണ്ടാകുന്ന പ്രതിസന്ധിയെ മറികടക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. പുതിയ വാക്കുകളെ മലയാളീകരിക്കാന്‍ സംസ്‌കൃതത്തിനു പകരം സമ്പന്നമായ തമിഴാണ് ഉത്തമം. മാതൃഭാഷയെ സംബന്ധിച്ച മിഥ്യാഭിമാനം വേണ്ടതില്ല. ഭാഷയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി സ്വാംശീകരിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഇതെല്ലാം വ്യര്‍ത്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വയനാട് ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ മലയാള ഭാഷാ ദിന- ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡയറ്റ് പ്രിന്‍സിപ്പള്‍ ടി കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഡയറ്റ് സീനിയര്‍ ലെക്ചര്‍മാരായ ഡോ. റഷീദ് കെ കിളിയായില്‍, കെ എം സെബാസ്റ്റ്യന്‍, ആതിര വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ഡയറ്റ് വിദ്യാര്‍ഥിനി തെസ്നി ജാസ്മിന്‍ എന്റെ കേരളം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ക്വിസ് മത്സരത്തില്‍ എ ദേവിക, അഖിന ദാസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. പുസ്തക പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, വഞ്ചിപാട്ട്, നാടന്‍ പാട്ട്, ഗ്രൂപ്പ് ഡാന്‍സ് എന്നീ കലാപരിപാടികളും നടന്നു.
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി നാളെ (ബുധന്‍) രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ജില്ലാ ഭരണകൂടത്തിന്റെയും പി.ആര്‍.ഡിയുടെ നേതൃത്വത്തില്‍ ഭരണഭാഷാ വാരാചരണ- പുരസ്‌കാരദാന ചടങ്ങ് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഭരണഭാഷ പുരസ്‌കാര ദാനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിക്കും. നാടക നടൻ മുഹമ്മദ് പേരാമ്പ്ര പ്രഭാഷണം നടത്തും.