കൊച്ചി: മൃഗസംരക്ഷണവകുപ്പ് കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി  വായ്പകളിലെ പലിശ അടവിനായി ധനസഹായം നൽകുന്ന പദ്ധതി എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്നു . മൃഗസംരക്ഷണ മേഖലയിലെ കർഷകരേയും, സംരഭകരേയും, ഫാം ഉടമകളേയും പ്രോത്സാഹിപ്പിക്കുന്നതിനും , വായ്പകളുടെ ഭാഗമായ പലിശ അടവിന് സഹായം നൽകുന്നതിനും, പരമ്പരാഗത കർഷകരെ മൃഗ സംരക്ഷണ രംഗത്ത് നിലനിർത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

ദേശസാൽകൃത ബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ മൃഗസംരക്ഷണ മേഖലയിൽ മുതൽ മുടക്കവാൻ വായ്പയെടുത്തിട്ടുള്ളവരിൽ തിരിച്ചടവിൽ മുടക്കം വരുത്താത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യത്തിനായി അപേക്ഷ നൽകാവുന്നതാണ്.
 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം, വിധവ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, വനിത പൊതു വിഭാഗം എന്നീ മുൻഗണനാക്രമത്തിലാണ് ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.ഈ പദ്ധതി പ്രകാരം ഒരാൾക്ക് പലിശയിനത്തിൽ അടച്ച തുക പരമാവധി 5000 രൂപ എന്ന കണക്കിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ ധനസഹായമായി അനുവദിക്കുന്നതാണ്.
 പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽ നിന്നും നേരിട്ടും cruekm.ahd@kerala.gov.in എന്ന ഈ മെയിൽ മുഖാന്തരവും ലഭിക്കുന്നതാണ്.അപേക്ഷ പൂരിപ്പിച്ച് ബാങ്ക് അക്കൗണ്ട്, പലിശ തിരിച്ചടവ് സംബന്ധിച്ച രേഖ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സപ്റ്റംബർ 20-ാം തീയ്യതി 12.30 PM ന് മുൻപായി തദ്ദേശ മൃഗാശുപത്രിയിൽ സമർപ്പിക്കേണ്ടതാണ്.
 വിശദ വിവരങ്ങൾ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിൽ നിന്ന് നേരിട്ടും 0484-   2360648 എന്ന ഫോൺ നമ്പറിലൂടെയും ലഭ്യമാണ്.