വൈദ്യുതി ഉത്പാദന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് ബദൽ ഉത്പാദന രീതികളും പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. കെ.എസ്. ഇ.ബി സജ്ജമാക്കിയ ജില്ലയിലെ വൈദ്യുതി വാഹന അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 38.5 മെഗാവാട്ട് ജല വൈദ്യുതി പദ്ധതികളും 376. 2 മെഗാവാട്ട് സാരോർജ്ജ പദ്ധതി കളും അടക്കം 414.7 മെഗാവാട്ട് ശേഷിയുടെ വർദ്ധനവ് ഈ സർക്കാറിന്റെ കാലത്ത് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 124 മെഗാവാട്ടിന്റെ ജല വൈദ്യുതി പദ്ധതികളും പൂർത്തീകരിക്കും. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും 200 മെഗാവാട്ടിന്റെ ശബരി പദ്ധതിയും 240 മെഗാവാട്ടിന്റെ ലക്ഷ്മി പ്രൊജക്ടും ഉൾപ്പെടെ 3000 മെഗാവാട്ടിന്റെ പദ്ധതികളാണ് സ്വയം പര്യാപ്ത ലക്ഷ്യമിടുന്ന തിനായി ആസൂത്രണം ചെയ്യുന്നത്.

കാർബൺ ബഹിർഗമനം ഏറ്റവും കുറഞ്ഞ നിലയിൽ എത്തിക്കുന്നതിനായി ജലവൈദ്യുതി പദ്ധതികൾകൾക്കും പുനരുപയോഗ ഊർജ്ജങ്ങൾക്കും പ്രാധാന്യം നൽകും. 2027 ഓടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗത്തിന്റെ അമ്പത് ശതമാനവും പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്നും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഇതിനായി പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സഹകരണ സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരത്ത് നടന്ന ജില്ലാതല ചടങ്ങില്‍ അഡ്വ.ടി. സിദ്ധിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയർ (റീസ് ) ജി.സജീവ് , ഡയറക്ടര്‍ (റീസ് ) ആര്‍. സുകു, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, വാർഡ് മെമ്പർ പി.കെ. ജയപ്രകാശ്, കല്‍പ്പറ്റ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ കെ. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 462 കിലോവാട്ട് ശേഷിയുള്ള 30 സൗരനിലയങ്ങളും മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.