ഇടുക്കി ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പും കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലാ- കായിക ക്ലബ്ബുകളുടെ ഉദ്ഘാടനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഠനത്തോടൊപ്പം കലാ, കായിക രംഗത്തും മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സ്‌കൂളെന്ന നിലയില്‍ കല്ലാര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കായിക മേഖലയില്‍ ജൂഡോയുടെ പ്രാധാന്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്ന വിധത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജൂഡോ അസോസിയേഷനെ മന്ത്രി അഭിനന്ദിച്ചു.

കല്ലാര്‍ ഗവണ്മെന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദേശീയ ഗെയിംസില്‍ ജൂഡോയില്‍ സ്വര്‍ണ മെഡല്‍ നേടി നാടിന്റെ അഭിമാനമായി മാറിയ അശ്വതി പി. ആറിനെ മന്ത്രി അഭിനന്ദിച്ചു. ജൂഡോ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം.എന്‍. ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അശ്വതി പി.ആറിനെ എം. എം. മണി എം. എല്‍. എ. ചടങ്ങില്‍ ആദരിച്ചു. ആരോഗ്യമുള്ള യുവ ജനതയെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളെ കര്‍മ്മ നിരതരാക്കി മാറ്റുന്നതിനും ജൂഡോ പരിശീലനം വളരെയധികം പങ്കു വഹിക്കുന്നെണ്ടെന്ന് എം. എല്‍. എ. പറഞ്ഞു.

പരിപാടിയോട് അനുബന്ധിച്ചു സ്‌കൂള്‍ കുട്ടികള്‍ ജൂഡോ അക്രോബാറ്റിക് ഷോ അവതരിപ്പിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍, സംസ്ഥാന കടശ്വാസ കമ്മിഷന്‍ അംഗം ജോസ് പാലത്തിനാല്‍, പഞ്ചായത്ത് അംഗം ഷിഹാബുദീന്‍ ഈട്ടിക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എം. ബെന്നി, പി. ടി. എ. പ്രസിഡന്റ് ടി.എം. ജോണ്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.