രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി നിവാസികള്‍. രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വയം സഹായ സംഘങ്ങളുടേയും, കുടുംബശ്രീയുടേയും, യൂണിയന്‍ തൊഴിലാളികളുടെയും സഹരണത്തോടെയാണ് ലഹരിക്കെതിരായ ചങ്ങല തീര്‍ത്തത്.

പൊതു സമൂഹത്തെയും യുവ തലമുറയെയും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുക, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പനയ്ക്കും ഉപയോഗത്തിനും തടയിടുക എന്നീ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചു ലഹരിക്ക് അടിമപ്പെടാത്ത പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഏവരും കൈകോര്‍ത്ത് അണിനിരന്നതോടെ ലഹരിക്ക് എതിരെ തകര്‍ക്കാന്‍ പറ്റാത്ത ചങ്ങലയാണ് രാജകുമാരിയില്‍ സൃഷ്ടിക്കപ്പെട്ടത്. കൈകള്‍ കോര്‍ത്ത് ലഹരിക്ക് എതിരെ ഗ്രാമപഞ്ചായത്ത് നിവാസികള്‍ പ്രതിജ്ഞയെടുത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുളപ്പാറച്ചാല്‍ മുതല്‍ രാജകുമാരി ടൗണ്‍ വരെ തീര്‍ത്ത ചങ്ങലയില്‍ ആയിരത്തി എഴുനൂറോളം പേര്‍ പങ്കെടുത്തു. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ലഹരി വിരുദ്ധ സന്ദേശം നല്‍കി.

വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി കുര്യാക്കോസ്, ഭരണസമിതി അംഗങ്ങള്‍, അദ്ധ്യാപകര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു സുരേഷ് തുടങ്ങിയവര്‍ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നല്‍കി.