കേരളപ്പിറവി ദിനത്തിൽ ലഹരിയോട് ‘നോ’ പറഞ്ഞ് കുരുന്നുകൾ. ആയിരം വിദ്യാർഥികൾ തോളോടുതോൾ ചേർന്ന് കേരളത്തിന്റെ ഭൂപടം തീർത്താണ് ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞയെടുത്തത്. തെരുവുനാടകം , ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനങ്ങൾ, നൃത്തശില്പം, ഏകപാത്രനാടകം തുടങ്ങി വിവിധ കലാപരിപാടികൾ തേക്കിൻകാട് മൈതാനിയിലെ ലഹരിവിമുക്ത നവകേരളം പരിപാടിക്ക് നിറംപകർന്നു.

പൊതുവിദ്യാഭ്യാസം, ആരോഗ്യം, ജില്ലാ പോലീസ്, ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ്, എക്സൈസ് വകുപ്പുകളും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി ഒരുമാസമായി നടത്തിവരുന്ന നോ ടു ഡ്രഗ്സ് ക്യാംപയിന്റെ സമാപനത്തോടനുബന്ധിച്ചാണ് തേക്കിന്‍കാട് മൈതാനം തെക്കേഗോപുര നടയില്‍ ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്കുള്ള തിരിച്ചുപോക്ക് കേരളപ്പിറവി ദിനത്തിൽ മാത്രമൊതുങ്ങരുതെന്നും ലഹരിക്കെതിരായ കുട്ടികളുടെ കൂട്ടായ്മ വർഷം മുഴുവൻ നീണ്ടുനിൽക്കണമെന്നും കളക്ടർ പറഞ്ഞു. കുട്ടികൾ അറിയാതെ തന്നെ ലഹരിമാഫിയയുടെ കണ്ണികളാകുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രതവേണമെന്നും കളക്ടർ പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ മുഖ്യാതിഥിയായി. ലഹരിയുമായി ബന്ധമുള്ള ഒരു കാര്യത്തിലും വിദ്യാർഥികൾ ഇടപെടരുതെന്നും ഈ സന്ദേശം നാം എപ്പോഴും സമൂഹത്തിൽ ഓർമപ്പെടുത്തിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, തൃശൂർ മോഡൽ ഗേൾസ് വിവേകോദയം, സി എം എസ് സ്കൂളുകളിലെ വിദ്യാർഥികൾ കേരളത്തിന്റെ ഭൂപടം തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഐ ടി ബി പി ബറ്റാലിയനും നേതൃത്വം നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ പ്രേം കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യവകുപ്പിന് വേണ്ടി പുനര്‍ജനി ജീവജ്വാല കലാസമിതി ‘ശാന്തിപുരം ബസാര്‍’ നാടകം അവതരിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സംഗീത ശില്‍പം, സെന്റ് മേരീസ് കോളേജിലെ 100 വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനം, സേക്രഡ് ഹാർട്സ് സ്കൂൾ വിദ്യാർത്ഥിനികളുടെ തെരുവുനാടകം, സുധീഷ് അമ്മവീട് അവതരിപ്പിച്ച ഏകപാത്ര നാടകം, ലഹരിക്കെതിരായ കുട്ടിച്ചങ്ങല എന്നിവ അരങ്ങേറി.