ഹെൽമറ്റ് വെച്ച് സൈക്കിൾ ഓടിച്ച് ആരോഗ്യ വകുപ്പ് ക്യാമ്പയിന്റെ ഭാഗമായി മേയറും കൂട്ടരും. ബി ദ ചേഞ്ച്- ആരോഗ്യത്തിലേയ്ക്ക് ഒരു ചുവട് ക്യാമ്പയിനാണ് ജില്ലയിൽ തുടക്കമായത്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ചുള്ള ആരോഗ്യ വകുപ്പിൻ്റെ ക്യാമ്പയിനാണ് തൃശൂർ കോർപ്പറേഷൻ അങ്കണത്തിൽ തുടക്കമായത്. മേയർ എം കെ വർഗീസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജീവനക്കാർക്ക് സൈക്കിളുകൾ വിതരണം ചെയ്താണ് ക്യാമ്പയിന് തുടക്കമിട്ടത്.

ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി ഫ്ളാഗ് ഓഫ് ചെയ്ത സൈക്കിൾ റാലി സ്വരാജ് റൗണ്ട് ചുറ്റി ആരോഗ്യ കേരളം ഓഫീസിൽ എത്തി സമാപിച്ചു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന തല ഓഫീസിൽ നിന്ന് സ്റ്റേറ്റ് ട്രെയിനിംഗ് നോഡൽ ഓഫീസർ ഡോ.ദിവ്യ, സീനിയർ കൺസൾട്ടന്റ് സീന, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.യുആർ രാഹുൽ, പറവട്ടാനി നഗര കുടുംബരോഗ്യ കേന്ദ്രം ജെപിഎച്ച്എൻ ട്രീസ, ആരോഗ്യകേരളം ജില്ലാ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നഗര കുടുംബരോഗ്യ കേന്ദ്രം പറവട്ടാനി, ഗോസായിക്കുന്ന്, കച്ചേരി എന്നിവിടങ്ങളിലേക്കും ആരോഗ്യകേരളം ഓഫീസുലേയ്ക്കുമാണ് സൈക്കിളുകൾ നൽകുന്നത്.