ആദ്യ ഡിജിറ്റൽ റിസർവ്വെ പുത്തൂർ വില്ലേജിൽ

രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവ്വെ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഡിജിറ്റൽ റിസർവ്വെ പദ്ധതി – എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായ രേഖകൾ സുതാര്യമായി വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഡിജിറ്റൽ റിസർവ്വെയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് ഭൂരേഖയ്ക്കായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാതെ ഇനി രേഖകൾ ലഭ്യമാകും. നാല് വര്‍ഷത്തിനകം സര്‍വ്വെ പൂര്‍ത്തിയാകുമ്പോൾ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സാക്ഷാത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന ‘എൻ്റെ ഭൂമി’ ഡിജിറ്റല്‍ സര്‍വെയുടെ ആദ്യഘട്ടത്തിനാണ് പുത്തൂർ വില്ലേജിൽ തുടക്കമായത്. ജില്ലയിൽ നാല് താലൂക്കുകളിലായി 23 വില്ലേജുകളിലാണ് ആദ്യഘട്ട ഡിജിറ്റൽ റിസർവ്വെ നടത്തുക.

തൃശൂർ (15 ), ചാവക്കാട് (4), കുന്നംകുളം (2 ) തലപ്പിള്ളി (2 ) എന്നീ താലൂക്ക് പരിധികളിലാണ് ആദ്യഘട്ട ഡിജിറ്റൽ റിസർവ്വെ നടത്തുന്നത്. തൃശൂർ താലൂക്കിൽ ചിയ്യാരം, മനക്കൊടി, ആലപ്പാട്, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂർ, കൂർക്കഞ്ചേരി, കണിമംഗലം, വടക്കുംമുറി, പടിയം, കാരമുക്ക്, കിഴുപ്പിള്ളിക്കര, പുത്തൂർ, പുള്ള്, കിഴക്കുമുറി. ചാവക്കാട് താലൂക്കിൽ വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ. തലപ്പിള്ളി താലൂക്കിൽ കോട്ടപ്പുറം, ചിറ്റണ്ട. കുന്നംകുളം താലൂക്കിൽ വേലൂർ, തയ്യൂർ എന്നീ വില്ലേജുകളിലാണ് ഡിജിറ്റൽ റിസർവ്വെ നടത്തുന്നത്. നാല് വര്‍ഷത്തിനകം സര്‍വ്വെ പൂര്‍ത്തിയാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.

കുരിശുമൂല പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കലക്ടർ ഹരിത വി കുമാർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, എൽആർ ഡെപ്യൂട്ടി കലക്ടർ വിഭൂഷൺ, സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ പി കെ ഷാലി, തഹസിൽദാർ ടി ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.