സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന്  റവന്യൂ മന്ത്രി കെ രാജൻ. നഗരത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സാധ്യതകളെയും പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. യുനെസ്കോ പഠന നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസത്തിന്റെ ലോകഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ലോകത്തെ മുഴുവൻ വിജ്ഞാനദാഹികൾക്കും വന്നുചേരാൻ കഴിയുന്ന വിധത്തിൽ വൈവിധ്യമാർന്ന സിലബസുകളോടെ  ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വിവിധ പ്രായത്തിലുള്ളവർക്ക് പഠിക്കാനും പഠിപ്പിക്കാനും വൈജ്ഞാനിക ലോകത്തിന്റെ അനന്തമായ സാധ്യതകളെ നുകരാനും കഴിയണമെന്നും മന്ത്രി പറഞ്ഞു.

യുനെസ്കോയുടെ പഠന നഗരം എന്ന പ്രശസ്തി സ്വന്തമാകുമ്പോൾ മതിൽ കെട്ടുകൾ പൊളിച്ച് അതിരുകളില്ലാത്ത വിധം ജില്ലയുടെ വൈജ്ഞാനിക മണ്ഡലത്തെ ഉയർത്തി കൊണ്ടുവരാനാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  വായിക്കുക – പഠിക്കുക – പഠിപ്പിക്കുക – ആഘോഷിക്കുക എന്ന ശ്രദ്ധേയമായ മുദ്രാവാക്യമാണ് പഠന നഗരം മുന്നോട്ടു വെയ്ക്കുന്നത്. സാംസ്കാരിക തനിമയാലും വിദ്യാഭ്യാസ മികവിനാലും വിവിധ മേഖലകളിലെ നിര്‍മ്മാണ വൈവിധ്യം കൊണ്ടും ലോകത്തിന് തന്നെ മാതൃകയാണ് ജില്ലയെന്നും മന്ത്രി പറഞ്ഞു.

വ്യത്യസ്തമായ ആശയത്തിലേയ്ക്ക്  നഗരത്തെ കൊണ്ടുവരുന്നതിൽ ശ്രദ്ധേയമായ പരിശ്രമങ്ങളാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഭൗതികമായ മാറ്റങ്ങൾക്ക് പുറമെ ജില്ലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനാവശ്യമായ ഇടപെടലുകളും അഭിനന്ദനീയമാണ്. സാംസ്കാരിക തലസ്ഥാനത്തെ അതിന്റെ എല്ലാ അന്തസോടെയും നിലനിർത്തി രാജ്യാന്തര വിഭാഗങ്ങളിൽ നിന്നുള്ള സഹായം ഏറ്റുവാങ്ങാൻ കോർപ്പറേഷന് സാധിച്ചിരിക്കുകയാണ്. ലോകത്തിന് മുന്നിലേയ്ക്കുള്ള ജില്ലയുടെ കവാടമാണ് ഇവിടെ തുറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറിൽ ഉയർന്നുവരുന്ന ആശയങ്ങളാണ് പഠന നഗരം പദ്ധതിയിൽ ജില്ല നടത്തേണ്ട പ്രവർത്തനങ്ങളുടെ കാതലായ ചിന്ത. നഗരത്തെ വിജ്ഞാനത്തിന്‍റെയും അറിവിന്‍റെയും വിവിധ മേഖലകളിലെ പഠന ഗവേഷണങ്ങളെയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ സംബന്ധിച്ചാണ് സെമിനാറുകൾ ചർച്ച ചെയ്യുന്നത്.  കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ കില, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്, ഗവ.എൻജിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സെമിനാർ.

തൃശൂര്‍ കോര്‍പ്പറേഷന് പുറമെ നിലമ്പൂര്‍ മുനിസിപ്പാലിറ്റി, വാറങ്കല്‍ കോര്‍പ്പറേഷന്‍ എന്നിവയെയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുനെസ്കോ ലേണിംഗ് സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 237 അങ്കണവാടികളുടെയും 112 സ്കൂളുകളുടെയും 29 കോളേജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികള്‍ച്ചര്‍, വെറ്ററിനറി തുടങ്ങിയ യൂണിവേഴ്സിറ്റികളുടെയും കെ.എഫ്.ആര്‍.എ., ജോണ്‍ മത്തായി സെന്‍റര്‍, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് പഠന നഗരം പദ്ധതി  വിപുലീകരിക്കുന്നത്.

പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയില്‍ നടന്ന പരിപാടിയിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കില ഫാക്കൽറ്റി പ്രൊ.ഡോ.അജിത്ത് കാളിയത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.